വോട്ടെണ്ണൽ പുരോഗമിക്കവെ ഹരിയാനയിൽ ബിജെപിയും, ജമ്മു കശ്‌മീരിൽ ഇന്ത്യാ സഖ്യവും മുന്നിട്ടുനിൽക്കുകയാണ്
രാവിലെ മുതൽ ആരംഭിച്ച ജമ്മു കശ്‌മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിനിടെ ത്രില്ലടിപ്പിച്ചത് ഹരിയാനയിലെ വോട്ടെണ്ണലായിരുന്നു. ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്ന തരത്തിലുള്ള ട്രെൻഡുകളാണ് പുറത്തുവന്നതെങ്കിലും, മണിക്കൂറുകൾക്കകം അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് ബിജെപി നടത്തിയത്.
ഹരിയാനയിൽ 49 സീറ്റുകളിൽ ലീഡുമായി ബിജെപി ഹാട്രിക് ഭരണത്തിലേക്ക് കുതിക്കുമ്പോൾ 34 സീറ്റുകളുമായി രണ്ടാമതെത്താനേ കോൺഗ്രസിനായുള്ളൂ. ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് ട്രെൻഡ് അലയടിച്ചിരുന്നെങ്കിലും, രണ്ട് മണിക്കൂറിന് ശേഷം ബിജെപി നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്.
ആകെയുള്ള 90 സീറ്റുകളിൽ നിലവിൽ 49 സീറ്റിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 34 ഇടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. രണ്ടിടത്ത് ഐഎൻഎൽഡിയും നാലിടത്ത് സ്വതന്ത്ര സ്ഥാനാർഥികളുമാണ് മുന്നിട്ടുനിൽക്കുന്നത്. ഭരണവിരുദ്ധ വികാരം അലയടിക്കുന്ന സൂചനകളാണ് ആദ്യ മണിക്കൂറുകളിൽ ഉയർന്നതെങ്കിൽ, പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കുന്ന പ്രകടനമാണ് ജനവിധിയുടെ കരുത്തിൽ ബിജെപി നടത്തുന്നത്. ബിജെപി ഹരിയാനയിൽ സർക്കാർ രൂപീകരിക്കാനുള്ള തിരക്കിട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ വിളിച്ചു ചേർത്തിട്ടുണ്ട്.
ഹരിയാനയിൽ 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 90 സീറ്റുകളിൽ 40 സീറ്റുകൾ ബിജെപിയും, 31 സീറ്റുകൾ കോൺഗ്രസും, 10 സീറ്റുകൾ ജനനായക് ജനതാ പാർട്ടിയും (ജെജെപി) നേടിയിരുന്നു. പിന്നീട് ജെജെപിയുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിക്കുകയും ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. മാർച്ചിൽ മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിംഗ് സെയ്‌നിയെ ബി.ജെ.പി മുഖ്യമന്ത്രി ആക്കിയതോടെയാണ് സഖ്യം അവസാനിച്ചത്.
ALSO READ: Election Results 2024 Live: ഹരിയാനയിൽ ട്വിസ്റ്റ്, മുന്നിലെത്തി ബിജെപി, പോരാട്ടം തുടർന്ന് കോൺഗ്രസ്!
ജുലാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് ജയിച്ചു. 6015 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിനേഷ് ജയിച്ചത്. ഗുസ്തി താരത്തെ മത്സര രംഗത്തിറക്കിയ കോൺഗ്രസ് കർഷകരുടെ പ്രശ്നങ്ങൾ, കർഷക സമരം, തൊഴിലില്ലായ്മ, അഗ്നിപഥ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ പ്രചരണ വിഷയമാക്കിയിരുന്നു.
ഹരിയാനയിലെ ജാതി സമവാക്യങ്ങളാകും നിർണായക ഘടകമാകുക. ഭൂപീന്ദർ സിങ് ഹൂഡയെ മുൻനിർത്തി ജാട്ട് വോട്ട് ബാങ്ക് സ്വന്തമാക്കാമെന്ന പ്രതീക്ഷയും കോൺഗ്രസ് പങ്കുവെച്ചിരുന്നു. വാശിയേറിയ പ്രചാരണ കോലാഹലങ്ങൾക്ക് ഒടുവിൽ 65 ശതമാനം പോളിങ് രേഖപ്പെടുത്തിയത്.
ജമ്മു കശ്മീരിൽ കേവലഭൂരിപക്ഷം ഉറപ്പിച്ച് 'ഇന്ത്യ മുന്നണി'
അതേസമയം, പത്ത് വർഷത്തിനിപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിൽ, ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ മുന്നണി ബഹുദൂരം മുന്നിലാണ്. വോട്ടെണ്ണലിൻ്റെ ആദ്യ മിനിറ്റുകൾ മുതൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ലീഡ് തുടരുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് ജമ്മു കശ്മീരിൽ അലയടിക്കുന്നത്.
കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം 52 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. 27 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്. 9 ഇടത്ത് സ്വതന്ത്രരും, രണ്ടിടത്ത് മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ലീഡ് തുടരുകയാണ്.
2014ലാണ് ജമ്മു കശ്മീരിൽ അവസാനമായി നിയമസഭ തെരഞ്ഞെടുപ്പു നടന്നത്. 2018ൽ ബിജെപി പിന്തുണ പിൻവലിച്ചതോടെ സർക്കാർ തകരുകയും ഗവർണറുടെ കീഴിലേക്ക് അധികാരം വഴിമാറുകയും ചെയ്തു. കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കൽ, പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കൽ എന്നിവ ഉൾപ്പെടെ നിരവധി രാഷ്ട്രീയ നീക്കങ്ങൾക്ക് ജമ്മു കശ്മീർ സാക്ഷിയായി.
പത്ത് വർഷത്തിനിപ്പുറം തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസ് - നാഷണൽ കോണ്‍ഫറൻസ് കൂട്ടുകെട്ടിലെ ഇന്ത്യ സഖ്യത്തിന് കശ്മീരിൽ നേരിയ മുൻതൂക്കം പ്രവചിച്ചിരുന്നു. പിഡിപിക്ക് രണ്ടക്കത്തിൽ കൂടുതൽ സീറ്റ് പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ വിരളമാണ്. ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.
ALSO READ: Election Results 2024 Live: ജമ്മു കശ്മീരിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റം, ബിജെപി വിയർക്കുന്നു