വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്‍റെ റിപ്പോര്‍ട്ട് റദ്ദാക്കി പൊലീസ് അന്വേഷണം നടത്തണമെന്ന ആവശ്യമാണ് തള്ളിയത്
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ പൊലീസ് അന്വേഷണമാവശ്യപ്പെട്ട് അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി. ഉപഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ആവശ്യമെങ്കിൽ പുതിയ ഹർജി നൽകാമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടു. വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിന്‍റെ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു അതിജീവിതയുടെ ഹര്‍ജിയിലെ ആവശ്യം.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന ഫോറൻസിക് റിപ്പോർട്ടിനെ തുടർന്ന് നടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നേരത്തെ വസ്തുതാന്വേഷണത്തിന് ഉത്തരവിട്ടത്. വിചാരണ കോടതി ജഡ്ജി തന്നെ വസ്തുതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിച്ചതിനെ തുടർന്നാണ് ഉപഹർജിയുമായി നടി വീണ്ടും കോടതിയെ സമീപിച്ചത് . എന്നാൽ തീർപ്പാക്കിയ കേസിൽ ഉപഹർജി നിലനിൽക്കില്ലെന്നും ആവശ്യമെങ്കിൽ വീണ്ടും മറ്റൊരു ഹർജി നൽകാമെന്നും കോടതി വ്യക്തമാക്കി.
ALSO READ : ഏഴര വര്‍ഷം നീണ്ട വിചാരണ; ഒടുവില്‍ വിധി പറയാനിരിക്കെ ഒന്നാം പ്രതിക്ക് ജാമ്യം
അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, എറണാകുളം സെഷൻസ് കോടതി, എറണാകുളം സിബിഐ പ്രത്യേക കോടതി എന്നിവിടങ്ങളിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്നാണ് സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ടിലുള്ളത്. 2018 ജനുവരി 9ന് അങ്കമാലി മജിസ്‌ട്രേറ്റായിരുന്ന ലീന റഷീദും ഡിസംബർ 13ന് ജില്ലാ സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹനുമാണ് പരിശോധിച്ചത്. കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാൽ ഈ പരിശോധനകളിൽ തെറ്റില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ 2021 ജൂലായ് 19ന് മെമ്മറി കാർഡ് പരിശോധിച്ചത് എറണാകുളം സിബിഐ പ്രത്യേക കോടതിയിലെ ശിരസ്തദാർ താജുദ്ദീനാണ്. വിവോ ഫോൺ ഉപയോഗിച്ച് നടത്തിയ പരിശോധന അനധികൃതമായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. ഇതിൽ കേസിന്റെ വിചാരണ പൂർത്തിയായ ശേഷം തുടർനടപടികൾ മതിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് പ്രതിഭാഗത്തിന് സഹായകരമാകുന്ന പരാമർശമാണെന്ന ആരോപണമായിരുന്നു ഉപഹർജിയിൽ ഉന്നയിച്ചിരുന്നത്. ജില്ലാ ജഡ്ജിയുടെ കണ്ടെത്തൽ തന്നെ പൊലീസ് അന്വേഷണത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണെന്നും ഹർജിക്കാരി വാദിച്ചിരുന്നു. പൊലീസ് അന്വേഷണത്തെ എതിർത്ത് കേസിലെ പ്രതിയായ നടൻ ദിലീപ് കക്ഷി ചേർന്നതിനെ കോടതി വാദത്തിനിടെ വിമർശിച്ചിരുന്നു.