ബംഗ്ലാദേശ് പൂജ ഉദ്‌ജപൻ പരിഷത്ത് ബിരാൽ യൂണിറ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു ഭാബേഷ് ചന്ദ്ര റോയ്
ബംഗ്ലാദേശിലെ ദിനാജ്പൂരിൽ പ്രമുഖ ഹിന്ദു സമുദായ നേതാവിനെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയി തല്ലിക്കൊന്നു. 58 കാരനായ ഭാബേഷ് ചന്ദ്ര റോയ് ആണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് പൂജ ഉദ്‌ജപൻ പരിഷത്ത് ബിരാൽ യൂണിറ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു ഭാബേഷ് ചന്ദ്ര റോയ്.
വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെ ഭാബേഷിന് ഒരു ഫോൺ കോൾ ലഭിച്ചിരുന്നു. ഭാബേഷ് വീട്ടിലുണ്ടായിരുന്നെന്ന് ഉറപ്പാക്കാനായിരുന്നു ഈ കോളെന്ന് ഭാര്യ ശന്തന റോയ് ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. പിന്നാലെ അര മണിക്കൂറിന് ശേഷം ബൈക്കിലെത്തിയ നാല് പേർ ചേർന്ന് ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഭാബേഷിനെ നരബരി ഗ്രാമത്തിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് ക്രൂരമായി മർദിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
ALSO READ: വിദ്യാര്‍ഥികളെ വട്ടത്തിലിരുത്തി മദ്യം നല്‍കി; മധ്യപ്രദേശിൽ അധ്യാപകന് സസ്‌പെൻഷൻ
പിന്നീട് ബോധരഹിതനായ ഭാബേഷിനെ അക്രമികൾ തന്നെ വീട്ടിലെത്തിച്ചു. ബന്ധുക്കൾ ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുന്‍പ് തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
അതേസമയം, പശ്ചിമ ബംഗാളില്‍ നടക്കുന്ന സംഘര്‍ഷത്തെക്കുറിച്ചുള്ള ബംഗ്ലാദേശി ഉദ്യോഗസ്ഥരുടെ പ്രതികരണത്തെ ഇന്ത്യ പാടെ തള്ളി. ഇന്ത്യയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതിന് പകരം, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികളിൽ ശ്രദ്ധിക്കണമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടത്.