ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹൂതികള്‍ ഉടനടി ഏറ്റെടുത്തില്ലെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം സംഘത്തില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നു
ലബനനിൽ ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ചെങ്കടലിൽ വ്യാവസായിക കപ്പലിന് നേരെ ആക്രമണം നടത്തി യെമന്‍ സായുധ സംഘമായ ഹൂതികൾ. യെമൻ നഗരമായ ഹുദൈദ തീരത്ത് നിന്ന് 64 നോട്ടിക്കൽ മൈൽ ദൂരെ ആക്രമണം നടന്നുവെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. കപ്പലും ക്രൂ അംഗങ്ങളും സുരക്ഷിതമാണെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹൂതികള്‍ ഉടനടി ഏറ്റെടുത്തില്ലെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം സംഘത്തില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നു. ഇസ്രയേൽ-ലബനൻ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇസ്രയേൽ നഗരങ്ങളിലും കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റള്ള കൊല്ലപ്പെട്ടതിനെത്തുടർന്ന് “പ്രതിരോധം തകർക്കില്ലെന്ന്” ഹൂതികള്‍ പ്രതിജ്ഞ ചെയ്തിരുന്നു. അതിന്‍റെ തിരിച്ചടിയായും ചെങ്കടലിലെ ആക്രമണത്തെ വിലയിരുത്തുന്നുണ്ട്.
Also Read: യെമൻ തുറമുഖങ്ങളിൽ ബോംബ് വർഷിച്ച് ഇസ്രയേൽ; നാല് മരണം, 29 പേർക്ക് പരുക്ക്
യെമനിലെ ഹൊദൈദ, റാസ് ഇസ തുറമുഖങ്ങളില്‍ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹൂതി വിമതർ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരെ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേലിന്റെ നടപടി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വിമാനം ലാൻഡ് ചെയ്‌ത ബെൻ ഗുറിയോൺ വിമാനത്താവളത്തെ ലക്ഷ്യമാക്കിയാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ഹൂതികൾ വെളിപ്പെടുത്തിയിരുന്നു.
Also Read: ഇസ്രയേൽ സൈന്യത്തിലെയും സർക്കാരിലെയും പ്രമുഖരെ വധിക്കാൻ ഇറാൻ്റെ നീക്കം; റിപ്പോർട്ടുകൾ പുറത്ത്
ചെങ്കടലിലെ ജലപാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ഹൂതികൾ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയത് മുതൽ ഈ മേഖല യുദ്ധക്കളമായി മാറിയിരുന്നു. പ്രതിവർഷം വർഷം 1 ട്രില്യൺ ഡോളർ ചരക്ക് കടന്നുപോയിരുന്ന ചെങ്കടലിലെ ആക്രമണങ്ങള്‍ പലസ്‌തീന് പിന്തുണ അർപ്പിച്ചാണെന്നാണ് ഹൂതികളുടെ വാദം. ഈ വർഷം ഒക്‌ടോബർ മുതൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് 80ലധികം വാണിജ്യ കപ്പലുകളെ ഹൂതികൾ ആക്രമിച്ചിട്ടുണ്ട്.