2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാരാമുള്ള മണ്ഡലത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ ഇനി മത്സര രംഗത്തേക്കില്ലെന്ന് പ്രഖ്യാപിച്ചതായിരുന്നു ഒമര്‍.
ഫാറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും
ജമ്മു കശ്മീരില്‍ ബിജെപി വിജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു വോട്ടെണ്ണലിന്റെ തുടക്കം മുതലേ നാഷണല്‍ കോണ്‍ഫറന്‍സ് കൂടി ഉള്‍പ്പെട്ട ഇന്ത്യ മുന്നണി സഖ്യം മുന്നേറ്റം നടത്തി വന്നത്. കേവലം എക്സിറ്റ് പോൾ ഫലമല്ല കശ്മീരിന്‍റെ ഭാവിയെ നിശ്ചയിക്കുന്നതെന്ന കൃത്യമായ ആത്മവിശ്വാസം, മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയ്ക്കുണ്ടായിരുന്നു.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ളയെ, പിതാവും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അങ്ങനെ വന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയാകും ഒമര്‍.
മത്സരിച്ച രണ്ടിടത്തും ഉജ്ജ്വല വിജയമാണ് ഒമര്‍ അബ്ദുള്ള കൈവരിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സിന്റേയും ഫാറൂഖ് അബ്ദുള്ള കുടുംബത്തിന്റെയും തട്ടകമായ ഗാന്‍ദേര്‍ബാല്‍ മണ്ഡലത്തിലും ബഡ്ഗാമിലുമാണ് അദ്ദേഹം മികച്ച വിജയം നേടിയത്. ബഡ്ഗാമില്‍ പിഡിപി സ്ഥാനാര്‍ഥി ആഗ സയ്യിദ് മന്‍തസീറിനെ 18485 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒമര്‍ അബ്ദുള്ള തോല്‍പ്പിച്ചത്.
മത്സരരംഗം വിട്ട ഒമര്‍
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാരാമുള്ള മണ്ഡലത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ ഇനി മത്സര രംഗത്തേക്കില്ലെന്ന് പ്രഖ്യാപിച്ചതായിരുന്നു ഒമര്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചിട്ടല്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവ് എഞ്ചിനീയര്‍ റാഷിദിനോട് നാലര ലക്ഷത്തോളം വോട്ടുകള്‍ക്കായിരുന്നു ഒമറിന്റെ പരാജയം.
ഭീകരവാദത്തിന് പണം നല്‍കിയെന്ന കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ കഴിയവെയാണ് റാഷിദ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും ഒമറിനെ പരാജയപ്പെടുത്തിയതും. ഇതിന് പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന ഒമറിന്റെ പ്രഖ്യാപനവും വന്നത്.
2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഒമര്‍ അബ്ദുള്ള അടക്കം നിരവധി രാഷ്ട്രീയ നേതാക്കള്‍ വീട്ടു തടങ്കലില്‍ അടയ്ക്കപ്പെട്ടു. വിചാരണയില്ലാതെ വീട്ടു തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്ന പൊതു സുരക്ഷാ നിയമം അനുസരിച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ്
രാഷ്ട്രീയപരമായി കനത്ത തിരിച്ചടികളെ അതി ജീവിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് 2024ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. ഒമര്‍ അബ്ദുള്ള രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനെ പരിഹസിച്ചും വിമര്‍ശിച്ചും ബിജെപി അടക്കമുള്ളവര്‍ രംഗത്തെത്തി. എന്നാല്‍ ഇതിനെ അദ്ദേഹം പ്രതിരോധിച്ചത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ശക്തിയാണ് അതുവഴി തെളിയിക്കപ്പെടുന്നതെന്ന് മറുപടി നൽകി കൊണ്ടാണ്.
ബാരാമുള്ള, ശ്രീനഗര്‍, അനന്തനാഗ് എന്നീ സ്ഥലങ്ങളില്‍ അനുകൂല ട്രെന്‍ഡ് ആണ് നാഷണല്‍ കോണ്‍ഫറന്‍സിന് ഉള്ളതെന്നും വിജയിച്ചു കഴിഞ്ഞാല്‍ 5-6 വര്‍ഷമായി ഉയരുന്ന അഴിമതി ആരോപണങ്ങളെല്ലാം അന്വേഷിക്കുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ജനം സന്തുഷ്ടരല്ലെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒമര്‍ അബ്ദുള്ള അന്ന് പറഞ്ഞു.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ തുറുപ്പു ചീട്ട്
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതടക്കമുള്ള നടപടികളുടെ പിന്നാലെ നിരവധി രാഷ്ട്രീയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഒമര്‍ അബ്ദുള്ളയും നാഷണല്‍ കോണ്‍ഫറന്‍സും മിന്നുന്ന വിജയം നേടുന്നത്. കശ്മീരി ജനതയുടെ വികാരം അറിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടു എന്നതാണ് ഒമര്‍ അബ്ദുള്ളയെ കശ്മീരിന്റെ നായകനാക്കി മാറ്റിയത്. ഒരു തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം രാഷ്ട്രീയമുപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഒമര്‍ അബ്ദുള്ളയെ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ പ്രേരിപ്പിച്ച ഘടകം തന്നെയാണ് ഈ വിജയത്തിനും ഇടയാക്കിയത്.
ഇന്ന് ബിജെപിയെയും പിഡിപിയെയും പിന്തള്ളി ഇന്ത്യാ സഖ്യം വന്‍ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ ഒമര്‍ അബ്ദുള്ളയും നാഷണല്‍ കോണ്‍ഫറന്‍സുമാണ് ആ നേട്ടത്തിന്റെ മുഖ്യ ശില്‍പികള്‍ എന്ന് കാണാനാവും. കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ചതടക്കമുള്ള ഒമര്‍ അബ്ദുള്ള തന്ത്രങ്ങള്‍ കശ്മീരില്‍ വിജയം കണ്ടു. പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരായ പ്രചാരണം നാഷണല്‍ കോണ്‍ഫറന്‍സ് ശക്തമായി നടത്തിയിരുന്നു. പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരില്‍ വന്‍ തോതില്‍ വികസനം കൊണ്ടു വന്നു എന്ന പ്രചാരണമാണ് ബിജെപി ഉയര്‍ത്തിയത്. എന്നാല്‍ സംസ്ഥാനത്തിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമാക്കിയ നടപടിക്കെതിരായ ജനവികാരം തിരിച്ചറിയാനും അതിനൊപ്പം നില്‍ക്കാനും കഴിഞ്ഞു എന്നതാണ് ഒമര്‍ അബ്ദുള്ളയുടെ വിജയം.
ഒരു പതിറ്റാണ്ടിന് ശേഷം തെരഞ്ഞെടുപ്പ് നടന്ന താഴ്‌വരയില്‍ നാഷണൽ കോൺഫറൻസിന്‍റെ തെരഞ്ഞെടുപ്പ് ഫോർമുല ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. 49 സീറ്റുകളില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നിട്ടു നില്‍ക്കുമ്പോള്‍ 29 സീറ്റുകളിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് ബിജെപി. ആറിടത്തെ കോണ്‍ഗ്രസിന്‍റെ വിജയവും അഞ്ചാം തവണയും വിജയിച്ച കശ്മീരിലെ ഏക സിപിഎം സ്ഥാനാര്‍ഥിയും ഇത്തവണത്തെ ഇന്ത്യാ സഖ്യത്തിന്റെ വിജയത്തിന്റെ മാറ്റു കൂട്ടുന്നു.