എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നതനുസരിച്ച് ഡേവിഡ് ഹെഡ്‌ലിക്ക് മുംബൈ താജ് ഹോട്ടലില്‍ ഭീകരാക്രമണം നടത്തുന്നതിനായി സാമ്പത്തികമായും മറ്റു സഹായങ്ങളും ചെയ്തു നല്‍കിയത് റാണയാണ്.
മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് കൈമാറിയ തഹാവൂര്‍ റാണയെ ഇന്ന് ഡൽഹിയിലെത്തിക്കും. യുഎസില്‍ തന്നെ നില്‍ക്കാനുള്ള തഹാവൂര്‍ റാണയുടെ ഹർജി സുപ്രീം കോടതി തള്ളിയതോടെയാണ് ഇന്ത്യയ്ക്ക് കൈമാറാനുള്ള വഴി തുറന്നത്.
മുംബൈ ഭീകരാക്രമണക്കേസിന്റെ ആസൂത്രണത്തില്‍ തഹാവൂര്‍ റാണയ്ക്കും പങ്കുണ്ടെന്ന് വ്യക്തമാകുന്നത് ആക്രമണത്തിലെ മുഖ്യ ആസൂത്രകനായിരുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയിലൂടെയാണ്. അമേരിക്കയില്‍ നിന്ന് മുംബൈയിലെ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണയ്ക്ക് ഹാജരായപ്പോഴാണ് തന്റെ ചെറുപ്പം മുതലുള്ള ഉറ്റ സുഹൃത്തായ തഹാവൂര്‍ റാണയുമായി നിരന്തരം ഇ-മെയിലിലൂടെയും മറ്റും ബന്ധപ്പെട്ടിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ വെളിപ്പെടുത്തുന്നത്.
റാണയോട് അനുവാദം ചോദിച്ച ശേഷമാണ് മുംബൈ തന്റെ പ്രവര്‍ത്തന മേഖലയാക്കിയെടുത്ത് ഹെഡ്‌ലി ഓഫീസ് തുറന്നത്. എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നതനുസരിച്ച് ഡേവിഡ് ഹെഡ്‌ലിക്ക് മുംബൈ താജ് ഹോട്ടലില്‍ ഭീകരാക്രമണം നടത്തുന്നതിനായി സാമ്പത്തികമായും മറ്റു സഹായങ്ങളും ചെയ്തു നല്‍കിയത് റാണയാണ്.
ALSO READ: തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും; പ്രത്യേക വിമാനം ഉച്ചയോടെ ഡൽഹിയിലെത്തും
എന്നാല്‍ ഈ സമയം ലഷ്‌കര്‍ ഇ-ത്വയിബയുമായുള്ള ബന്ധത്തില്‍ റാണ യുഎസില്‍ ഇതിനകം പിടിയിലായിരുന്നു. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രിന്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഡാനിഷ് ന്യൂസ് പേപ്പറായ ജിലാന്‍റ്സ് പോസ്റ്റണിനെതിരെ ആക്രമണം ആസൂത്രണം ചെയ്തതിനാണ് അമേരിക്കന്‍ കോടതി റാണയെ ശിക്ഷിച്ചത്. അതേസമയം മുംബൈ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ വെറുതെ വിടുകയും ചെയ്തു.
ലഷ്‌കര്‍ ഇ-ത്വയിബ ഒരു തീവ്രവാദ ഗ്രൂപ്പാണെന്ന് അറിയാമെന്നും പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ച ലഷ്‌കറിന്റെ ട്രെയിനിംഗ് ക്യാംപില്‍ ഹെഡ്‌ലി പങ്കെടുത്തതായും തനിക്കറിയാമെന്നും റാണ പറയുന്നതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. 2009ല്‍ ചിക്കാഗോയില്‍ വെച്ച് റാണയെയും ഹെഡ്‌ലിയെയും അറസ്റ്റ് ചെയ്തു. ഇതിന് ശേഷമുള്ള എഫ്ബിഐയുടെ പ്രസ്താവനയിലാണ് മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇവരുടെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
2002 നും 2005നുമിടയില്‍ അഞ്ച് തവണയായി ട്രെയിനിംഗ് ക്യാംപുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2005 ന്റെ അവസാനത്തോടെ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാനുള്ള നിര്‍ദേശം ലഷ്‌കറില്‍ നിന്നും ലഭിക്കുകയും ചെയ്തു.
2006 ല്‍ രണ്ട് ലക്ഷകര്‍ അംഗങ്ങളും മുംബൈയില്‍ ഒരു ഇമിഗ്രേഷന്‍ ഓഫീസ് തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ഇതിനായി ഹെഡ്‌ലി ചിക്കാഗോയിലേക്ക് പോയി. അവിടെ നിന്ന് റാണയെ കണ്ടു. റാണയ്ക്ക് ചിക്കാഗോയിലും മറ്റുമായി ഇമിഗ്രേഷന്‍ സര്‍വീസുകള്‍ ഉണ്ടായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മറയാക്കാന്‍ സമാനമായ ഒന്ന് മുംബൈയിലും തുറക്കുന്നതിനാണ് ഹെഡ്‌ലി റാണയെ കണ്ട് സംസാരിച്ചത്. തുടര്‍ന്ന് റാണയില്‍ നിന്ന് അനുമതി വാങ്ങി മുംബൈയില്‍ അത്തരത്തില്‍ ഒരു ഓഫീസ് തുറക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് എത്തുന്നതിന് വിസ സംഘടിപ്പിക്കുന്നതിനും ഓഫീസ് തുറക്കുന്നതിനുമായി ബന്ധപ്പെട്ട് ഇമിഗ്രേഷന്‍ സര്‍വീസുമായി ബന്ധപ്പെട്ട ഒരാളെ റാണയ്ക്ക് പരിചയപ്പെടുത്തി നല്‍കുകയും മറ്റു വിവരങ്ങള്‍ റാണ ഹെഡ്‌ലിക്ക് ഇ-മെയില്‍ വഴി അയച്ചു നല്‍കിയെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്. ഇതില്‍ നിന്നു തന്നെ ഹെഡ്‌ലിയും റാണയും തമ്മിലുള്ള ബന്ധം വ്യക്തമായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് മുന്നോടിയായി ഏഴ് തവണയും അതിന് ശേഷം ഒരു തവണയും ഇന്ത്യയില്‍ വന്നിട്ടുണ്ടെന്ന് ഹെഡ്‌ലി പറഞ്ഞിരുന്നു.
അതേസമയം 2008 നവംബര്‍ 11 മുതല്‍ 21 വരെ ഇന്ത്യയില്‍ തുടര്‍ന്നിരുന്നതായി മുംബൈ പൊലീസിന്റെ കുറ്റപത്രത്തിലും വ്യക്തമാക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ റാണയ്ക്ക് പങ്കുണ്ടെന്ന് ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മെയ് 18നാണ് റാണയെ ഇന്ത്യക്ക് കൈമാറാന്‍ യുഎസ് തീരുമാനിച്ചത്.
പാകിസ്ഥാന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച മുന്‍ സൈനിക ഡോക്ടറായ തഹാവൂര്‍ ഹുസൈന്‍ റാണ, കനേഡിയന്‍ പൗരത്വം നേടി താമസം മാറുകയായിരുന്നു. 164 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് റാണ. ഛത്രപതി ശിവാജി ടെര്‍മിനസ്, താജ്മഹല്‍ ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങി മുംബൈയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരുടെ ആക്രമണം. ഭീകരാക്രമണ കുറ്റത്തിന് ഇയാളെ പതിനാല് വര്‍ഷം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് റാണയ്ക്കെതിരായ ആരോപണം.