മോശം കമന്റ് വായിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തെ അത് ബാധിക്കുന്നുണ്ടെന്നും അന്‍സിബ അഭിപ്രായപ്പെട്ടു
സ്ത്രീകള്‍ പരാതിപ്പെടാന്‍ ഭയക്കുന്നത് സൈബര്‍ അറ്റാക്ക് കാരണമാണെന്ന് അഭിനേതാക്കളുടെ സംഘടനയായ A.M.M.Aയുടെ അഡ്‌ഹോക് കമ്മിറ്റി അംഗവും നടിയുമായ അന്‍സിബ ഹസന്‍. പരാതിപ്പെടാന്‍ വരുന്നത് സ്ത്രീയോ പുരുഷനോ ആയിക്കോട്ടേ അവരെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്നും അന്‍സിബ ന്യൂസ് മലയാളത്തോട് പറഞ്ഞു. മോശം കമന്റ് വായിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തെ അത് ബാധിക്കുന്നുണ്ടെന്നും അന്‍സിബ അഭിപ്രായപ്പെട്ടു.
'സ്ത്രീകള്‍ എപ്പോഴും പരാതിപ്പെടാന്‍ ഭയക്കുന്നതിന്റെ കാര്യമെന്താണ്? സ്ത്രീകള്‍ എന്ത് പരാതി നല്‍കി കഴിഞ്ഞാലും സൈബര്‍ അറ്റാക്ക് എന്ന് പറയുന്ന വലിയ പ്രശ്‌നം നേരിടേണ്ടതുണ്ട്. അത് എത്രത്തോളം മനോവിഷമം ഉണ്ടാക്കുന്ന കാര്യമാണെന്ന് അറിയുമോ? കമന്റിടുന്നവര്‍ക്ക് വെറുതെ കമന്റിട്ടിട്ട് പോയാല്‍ മതി. ഇത് എല്ലാവരും വായിക്കില്ലെന്ന് പറഞ്ഞാലും വായിക്കുന്ന ഒരുപാട് പേരുണ്ട്. അപ്പോള്‍ അവരുടെ മെന്റല്‍ ഹെല്‍ത്ത് എത്രത്തോളം താഴേക്കാണ് പോകുന്നതെന്ന് ഈ കമന്റ് എഴുതുന്നവര്‍ ചിന്തിക്കുന്നില്ല. അവര്‍ക്ക് കിട്ടുന്നത് കമന്റ് എഴുതുമ്പോള്‍ കിട്ടുന്ന സന്തോഷമായിരിക്കാം. പക്ഷെ ഒരാളെ താഴ്ത്തിക്കെട്ടി സംസാരിക്കുകയോ പരാതിപ്പെടാന്‍ വരുന്ന സ്ത്രീയോ പുരുഷനോ ആയിക്കോട്ടേ... ആരാണെങ്കിലും അവരെ ഒന്ന് പിന്തുണച്ച് സംസാരിച്ച് കഴിഞ്ഞാല്‍ നല്ലതായിരിക്കും. അതല്ലെങ്കില്‍ അവര്‍ക്കെതിരെ സംസാരിക്കാതിരിക്കുക. ഇവിടെ നമുക്ക് നീതി ന്യായ വ്യവസ്ഥയുണ്ട്. കോടതിയുണ്ട് പൊലീസുണ്ട്. അവര്‍ സത്യത്തിന്റെ ഭാഗത്തു നില്‍ക്കുന്നവരാണ്. അപ്പോള്‍ നമുക്ക് നീതി ലഭിക്കാന്‍ വേണ്ടിയാണല്ലോ ഇവിടെ കോടതിയും എല്ലാം ഉള്ളത്. അങ്ങനെയിരിക്കെ ഒരാള്‍ ഒരു പരാതിയും കൊണ്ട് വരുന്ന സമയത്ത് അവരെ നമ്മള്‍ ചേര്‍ത്ത് പിടിക്കുകയാണ് ചെയ്യേണ്ടത്', അന്‍സിബ പറഞ്ഞു.
'എനിക്ക് ഇത്തരത്തിലുള്ള മോശം അനുഭവങ്ങളൊന്നും തന്നെ സിനിമാ മേഖലയില്‍ നിന്നും ഉണ്ടായിട്ടില്ല. എനിക്ക് അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി മറ്റുള്ളവര്‍ക്ക് ഉണ്ടായിക്കൂടെന്നില്ലല്ലോ. ഓരോരുത്തര്‍ക്കും വ്യത്യസ്ത അനുഭവമാണ് ഉണ്ടാവുക. ഓരോരുത്തരും അവര്‍ക്കുണ്ടായ വിഷമങ്ങളായിരിക്കും വന്ന് പങ്കുവെക്കുന്നത്. അപ്പോള്‍ നമ്മള്‍ അവരെ കൂടെ നിര്‍ത്തുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ആണ് വേണ്ടതെ'ന്നും അന്‍സിബ വ്യക്തമാക്കി.
അതേസമയം ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് A.M.M.Aയുടെ അന്വേഷണ കമ്മീഷന്‍ ഉടന്‍ സമര്‍പ്പിക്കും. ഷൈന്‍ ടോമിനെതിരായ പ്രാഥമിക റിപ്പോര്‍ട്ട് ഇന്നോ നാളെയോ സമര്‍പ്പിക്കുമെന്നാണ് സൂചന. വിന്‍സിയില്‍ നിന്നും വിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരോടും ഇവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്.