ബദരീനാഥിനടുത്ത് തനിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ തന്നെ 'ദംദമാമയി' എന്നാണ് വിളിക്കുന്നതെന്നും ഉര്‍വശി പറഞ്ഞു
ഉത്തരാഖണ്ഡില്‍ തന്റെ പേരിലൊരു ക്ഷേത്രമുണ്ടെന്ന പരാമര്‍ശത്തിലൂടെ വിവാദത്തിലായിരിക്കുകയാണ് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ബദരീനാഥിനടുത്ത് തനിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ തന്നെ 'ദംദമാമയി' എന്നാണ് വിളിക്കുന്നതെന്നും ഉര്‍വശി പറഞ്ഞു.
"ഉത്തരാഖണ്ഡില്‍ എന്റെ പേരിലൊരു ക്ഷേത്രമുണ്ട്. ബദരീനാഥ് സന്ദര്‍ശിക്കുന്നവര്‍ക്ക് അതിനടുത്തയി ഒരു ഉര്‍വശി ക്ഷേത്രം കാണാം", നടി അഭിമുഖത്തില്‍ അവകാശപ്പെട്ടു. അനുഗ്രഹം നേടാന്‍ ആളുകള്‍ വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, "അതൊരു ക്ഷേത്രമാണ്, അവിടെ അവര്‍ അതിനല്ലേ വരൂ", എന്നായിരുന്നു ഉര്‍വശിയുടെ മറുപടി.
ALSO READ: 30 ദിവസം കൊണ്ട് 325 കോടി; മലയാള സിനിമയില്‍ ചരിത്രം തീര്‍ത്ത് എമ്പുരാന്‍
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയും തന്റെ ചിത്രങ്ങള്‍ക്ക് മാല ചാര്‍ത്തുകയും ചെയ്യാറുണ്ടെന്നും ഉര്‍വശി പറഞ്ഞു. ഇത് വളരെ ഗൗരവമേറിയ കാര്യമാണെന്നത് സത്യമാണ്. ഇതേക്കുറിച്ചുള്ള വാര്‍ത്താ ലേഖനങ്ങള്‍ വരെയുണ്ട്. നിങ്ങള്‍ക്കത് വായിക്കാമെന്നും നടി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നടിയുടെ പരാമര്‍ശമിപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. പ്രാദേശിക മത നേതാക്കള്‍ ഈ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ്. പുരാതന ക്ഷേത്രം ഏതെങ്കിലും വ്യക്തിയുമായല്ല, ദേവി ഉര്‍വശിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും, ഇത്തരം പ്രസ്താവനകള്‍ ജനങ്ങളുടെ മതവികാരത്തെ അപമാനിക്കുന്നതാണെന്നും ബ്രഹ്‌മ കമല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ഭുവന്‍ ചന്ദ്ര ഉനിയാല്‍ പറഞ്ഞു.
ബാംനി, പാണ്ഡുകേശ്വര്‍ ഗ്രാമങ്ങളിലെ നാട്ടുകാരും ഇതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. പുരാതന പ്രാധാന്യമുള്ള ക്ഷേത്രത്തെക്കുറിച്ച് വ്യക്തിപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ഒരു വ്യക്തിക്കും അവകാശമില്ലെന്നും ഗ്രാമവാസിയായ രാംനാരായണന്‍ ഭണ്ഡാരി അഭിപ്രായപ്പെട്ടു.