കോടതിയോട് നന്ദി പറയുന്നുവെന്നും ജാമ്യ വ്യവസ്ഥകൾ അനുസരിച്ച് മുന്നോട്ട് പോകുമെന്നും എംഎൽഎ വ്യക്തമാക്കി
വയനാട് മുൻ ഡിസിസി ട്രഷറർ എൻ. എം. വിജയൻ്റെ മരണത്തിൽ മുൻകൂർ ജാമ്യം ലഭിച്ചതിൻ്റെ പിന്നാലെ പ്രതികരണവുമായി ഐ.സി ബാലകൃഷ്ണൻ എംഎൽഎ. "നിരപരാധിയാണെന്ന് മുന്നേ പറഞ്ഞതാണ്. തൻ്റെ ജനകീയത തകർക്കാനുള്ള നീക്കമാണുണ്ടായത്", ഐ. സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.
"കോടതിയോട് നന്ദി പറയുന്നു. ജാമ്യ വ്യവസ്ഥകൾ അനുസരിച്ച് മുന്നോട്ട് പോകും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. വിവാദത്തെ രാഷ്ട്രീയമാക്കി മാറ്റാനും തൻ്റെ ജനകീയത തകർക്കുവാൻ ലക്ഷ്യമിട്ട് നീക്കം ഉണ്ടായി", എംഎൽഎ പറഞ്ഞു. "താൻ ഒളിവിൽ പോയിട്ടില്ല. താനൊരു ദൈവ വിശ്വാസിയാണ്. മനസിന് വിഷമമുണ്ടാകുമ്പോൾ തീർഥാടനത്തിന് പോകാറുണ്ട്. അത്തരത്തിലൊരു യാത്രയിലായിരുന്നു. ഒളിവിൽ ആയിരുന്നെങ്കിൽ ഇന്നലെ നിയമസഭയിൽ വരേണ്ടതില്ലായിരുന്നു", ഐ.സി ബാലകൃഷ്ണൻ എംഎൽഎ വ്യക്തമാക്കി.
ALSO READ: എന്‍. എം. വിജയന്‍റെ മരണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം
എൻ.എം. വിജയൻ്റെ മരണത്തിൽ ആരോപണ വിധേയരായ ഐ.സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും മറ്റും രണ്ടു കോൺഗ്രസ് നേതാക്കൾക്കും ഇന്ന് കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി അനുവദിച്ചിരുന്നു. എംഎൽഎ ഐ.സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, കോൺഗ്രസ് നേതാവ് കെ. കെ. ഗോപിനാഥൻ തുടങ്ങിയവർക്കാണ് ജാമ്യം ലഭിച്ചത്.
ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ കൃത്യസമയത്ത് ഹാജരാകണം, സ്ഥലം വിട്ട് പോകരുത്, എന്നിവയാണ് പ്രധാനമായും കോടതി നിർദേശിച്ച ഉപാധികൾ. ഈ മാസം 15 വരെ ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. വിജയൻ്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മൂന്നു പേർക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത്.
എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. ഫോൺ രേഖകൾ പ്രത്യേക അന്വേഷണസംഘം പരിശോധിച്ചതിനു ശേഷം നേതാക്കൾക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കന്മാർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്