പ്രാഥമിക സ്കാനിങ്ങുകളിൽ ബുമ്രയുടെ പരിക്ക് സ്ട്രെസ് ഫ്രാക്ചറല്ലെന്ന് വ്യക്തമായിരുന്നു. ഇന്ത്യൻ ടീം മാനേജ്മെൻ്റിനും ആരാധകർക്കും വലിയ ആശ്വാസമായി ഈ വാർത്ത മാറുകയാണ്
ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഓസ്ട്രേലിയയിൽ പരിക്കേറ്റ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഒന്നിച്ച് തിരിച്ചെത്തുന്നുവെന്നത് ഇന്ത്യക്ക് ആഹ്ളാദം പകരുന്നൊരു വാർത്തയായിരുന്നു. എന്നാൽ അതിനും മുമ്പേ തന്നെ ബുമ്ര ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ അവസാന മത്സരം ബുമ്ര കളിക്കുമെന്നാണ് സൂചന. കരിയറിലെ തകർപ്പൻ ഫോമിലുള്ള താരം ടെസ്റ്റിൽ ഉൾപ്പെടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയർന്നിരുന്നു. ഓസീസിന് മുന്നിൽ പരമ്പര അടിയറവ് വച്ചെങ്കിലും ടൂർണമെൻ്റിൻ്റെ താരമായതും ബുമ്ര തന്നെയായിരുന്നു. ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഈ മത്സരത്തിൽ ബൗൾ ചെയ്യുമ്പോൾ ബുമ്രയുടെ ഫിറ്റ്നസ് പരിശോധിക്കാനാണ് ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് വിചാരിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങൾക്കായി ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജസ്പ്രീത് ബുമ്രയുടെ പരിക്ക് സ്ട്രെസ് ഫ്രാക്ചറായിരിക്കുമെന്ന് ചില വിദഗ്ധർ ആശങ്കപ്പെട്ടിരുന്നു. അങ്ങനെയെങ്കിൽ താരത്തിന് ആറ് മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമായിരുന്നു. പ്രാഥമിക സ്കാനിങ്ങുകളിൽ പരിക്ക് സ്ട്രെസ് ഫ്രാക്ചറല്ലെന്ന് വ്യക്തമായിരുന്നു. ഇന്ത്യൻ ടീം മാനേജ്മെൻ്റിനും ആരാധകർക്കും വലിയ ആശ്വാസമായി ഈ വാർത്ത മാറുകയാണ്.
ALSO READ: 10 പേരായി ചുരുങ്ങിയിട്ടും തീക്കളിയിൽ നോർത്ത് ഈസ്റ്റിന് സമനിലപ്പൂട്ടിട്ട് കേരള ബ്ലാസ്റ്റേഴ്സ്
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഫെബ്രുവരി 2ന് ജസ്പ്രീത് ബുംറയുടെ സ്കാനിംഗിന് വിധേയനാകും, കാരണം അദ്ദേഹത്തിൻ്റെ പരിക്കിൻ്റെ വ്യാപ്തി കൂടുതൽ വ്യക്തമാകും. ഫെബ്രുവരി ആദ്യവാരം മുതൽ അദ്ദേഹത്തിന് ബൗളിങ്ങിലേക്ക് തിരിച്ചെത്താനാകുമെന്നാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ അറിയിച്ചത്.
"ഫെബ്രുവരി ആദ്യവാരം അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് അന്തിമ തീരുമാനമെടുക്കും. എന്താണെന്നും ആ സമയത്ത് ഞങ്ങൾ കുറച്ചുകൂടി കണ്ടെത്തും. ഫിസിയോയിൽ നിന്ന് തന്നെ ബിസിസിഐ എന്തെങ്കിലും പുറത്തെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന് എന്താണ് തെറ്റെന്ന് ഞാൻ വിശദീകരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് വരുന്നതാണ്. എന്നാൽ ഞങ്ങൾ പറഞ്ഞിട്ടുള്ള സമയപരിധി അതാണ്. അപ്പോഴേക്കും അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു," അഗാർക്കർ പറഞ്ഞു.