19 ഷോട്ടുകളും നാല് ഷോട്ട് ഓൺ ടാർഗറ്റുകളുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തന്നെയാണ് മത്സരത്തിൽ നേരിയ മേധാവിത്തം പുലർത്തിയത്
കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സമനിലപ്പൂട്ടിട്ട് കുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. ഈ സമനിലയോടെ എട്ടാം സ്ഥാനം തിരിച്ചുപിടിക്കാനും ബ്ലാസ്റ്റേഴ്സ് കഴിഞ്ഞു. ജയിച്ചാൽ ആറാം സ്ഥാനത്തേക്ക് ഉയരാൻ അവസരമുണ്ടായിരിക്കെ ഉറച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാൻ യെല്ലോ ആർമിക്ക് സാധിച്ചില്ല. അതേസമയം, 19 ഷോട്ടുകളും നാല് ഷോട്ട് ഓൺ ടാർഗറ്റുകളുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തന്നെയാണ് മത്സരത്തിൽ നേരിയ മേധാവിത്തം പുലർത്തിയത്.
30ാം മിനിറ്റിൽ അജാരിയ അജറൈയെ തല കൊണ്ടിടിച്ചതിന് ഐബൻ ഡോഹ്ലിങ് ചുവപ്പു കാർഡ് വാങ്ങിയത് ടീമിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. തുടർന്ന് ശേഷിച്ച 60 മിനിറ്റിലും നോർത്ത് ഈസ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കേണ്ട അവസ്ഥയിലായിരുന്നു ബ്ലാസ്റ്റേഴ്സ്. 10 പേരായി ചുരുങ്ങിയ കൊമ്പന്മാർ ഭാഗ്യം കൊണ്ടാണ് ഗോൾ വഴങ്ങാതെ പോയത്. നോർത്ത് ഈസ്റ്റ് മുന്നേറ്റ നിരയുടെ ഗോളെന്നുറപ്പിച്ച രണ്ട് ഷോട്ടുകൾ ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ പോസ്റ്റിൽ തട്ടി തെറിക്കുമ്പോൾ ആശ്വാസത്തോടെ തലയിൽ കൈവച്ചാണ് മഞ്ഞപ്പടയുടെ ആരാധകർ കളി കണ്ടിരുന്നത്.
എന്നിരുന്നാലും പക്വതയാർന്ന പ്രകടനവുമായി തിളങ്ങിയ ബ്ലാസ്റ്റേഴ്സിൻ്റെ മുന്നേറ്റനിര താരം കോറോ സിങ്ങാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ഞങ്ങളുടെ ഹോം മത്സരമാണ്, ഇവിടെ പരാജയമടയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് മത്സര ശേഷം ബ്ലാസ്റ്റേഴ്സ് കോച്ച് ടി.ജി. പുരുഷോത്തമൻ പറഞ്ഞു. മത്സരത്തിലെ പോസിറ്റീവ് വശങ്ങൾ ഉൾക്കൊണ്ട് ടീം ഒന്നടങ്കം ശക്തമായി തിരിച്ചുവരും, ഐഎസ്‌എല്ലിൽ ഈ പൊസിഷനിൽ ഇരിക്കേണ്ട ടീമല്ല ഞങ്ങളുടേതെന്ന് നല്ല ഉറപ്പുണ്ടെന്നും കോച്ച് പ്രതികരിച്ചു.