കുട്ടിയുടെ പിതാവ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയായ, എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമാണ് സ്കൂൾ കെട്ടിടത്തിൽ തൂങ്ങിമരിച്ചത്.
തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. കുട്ടിയുടെ പിതാവ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയായ, എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമാണ് സ്കൂൾ കെട്ടിടത്തിൽ തൂങ്ങിമരിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂൾ വരാന്തയിൽ നിന്ന് കണ്ടെത്തിയത്. സ്കൂൾ ക്ലർക്കിൻ്റെ പീഡനമാണ് ബെൻസൺ ജീവനൊടുക്കാൻ കാരണമെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നേരത്തെ ഉത്തരവിട്ടിരുന്നു. വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ഉബൈദുള്ളക്കായിരുന്നു അന്വേഷണ ചുമതല.
ALSO READ: കാട്ടാക്കടയിൽ വിദ്യാർഥി തൂങ്ങി മരിച്ചു; സ്കൂൾ ക്ലർക്കിനെതിരെ ആരോപണവുമായി കുടുംബം
ക്ലർക്ക് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും കമ്പി വടി ഉപയോഗിച്ച് തല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും സഹപാഠികളടക്കം പറഞ്ഞിരുന്നു. ആരോപണ വിധേയനായ ക്ലർക്ക് നേരത്തെ രണ്ട് തവണ സസ്പെൻഷൻ ലഭിച്ച ആളാണെന്നാണ് അധ്യാപകർ നൽകുന്ന വിവരം. റെക്കോഡ് ബുക്കിൽ സീൽ ചെയ്യാൻ ക്ലർക്ക് വിസമ്മതിച്ചത് കുട്ടിയെ മാനസികമായി തളർത്തിയിരുന്നു. കുട്ടിയും ക്ലർക്കുമായി തർക്കമുണ്ടായിരുന്നതായി സ്കൂൾ പ്രിൻസിപ്പാൾ സ്ഥിരീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)