2022ല്‍ നിന്ന് 2024 ലേക്ക് എത്തുമ്പോള്‍ ലഹരി ഉപയോഗം കുത്തനെ വര്‍ധിച്ചുവെന്നും എന്നാല്‍ സര്‍ക്കാര്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
കേരളത്തില്‍ ലഹരി ഉപയോഗം തടയുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതിക്രമങ്ങളിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേരളം വലിയ ഭീതിയിലും ഉത്കണ്ഠയിലുമൊക്കെയാണ്. കേരളത്തില്‍ അടുത്തകാലത്തായി തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങള്‍ നമ്മളെ അടക്കം എല്ലാവരെയും ഉത്കണ്ഠയിലാഴ്ത്തിയിരിക്കുകയാണ്. കേരളത്തില്‍ വയലന്‍സ് വര്‍ധിച്ചു വരികയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'കേരളത്തില്‍ ലഹരി മരുന്ന് വ്യാപനം വര്‍ധിച്ചു വരികയാണ്. ആര്‍ക്ക് വേണമെങ്കിലും 15 മിനുട്ടിനകം ഏത് വിധത്തിലുമുള്ള ലഹരിയും കിട്ടുന്ന സ്ഥിതിയാണ്. എക്‌സൈസ് മന്ത്രി പറഞ്ഞത് കഞ്ചാവിന്റെ ഉപയോഗം കുറഞ്ഞെന്നാണ്. ശരിയായിരിക്കാം. പക്ഷെ കെമിക്കലുകളുടെ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. ലഹരി മരുന്നിനെതിരെ ഏത് തരത്തിലുമുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ ആരംഭിച്ചാലും പ്രതിപക്ഷം അതിന്റെ കൂടെയുണ്ട്,' വി.ഡി. സതീശന്‍ പറഞ്ഞു.
2022ല്‍ നിന്ന് 2024 ലേക്ക് എത്തുമ്പോള്‍ ലഹരി ഉപയോഗം കുത്തനെ വര്‍ധിച്ചുവെന്നും എന്നാല്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരി കൊലപാതകക്കേസുമായി ബന്ധപ്പെട്ടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. പ്രതികളും പരീക്ഷ എഴുതാന്‍ പോവുകയാണ്. അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് പോലെ തന്നെ കൂട്ടമായി ആക്രമിച്ചാല്‍ കേസെടുക്കില്ലെന്നും ഒരു കുഴപ്പവും ഉണ്ടാവില്ലെന്ന തരത്തിലുമുള്ള സന്ദേശമാണ് സര്‍ക്കാര്‍ അവര്‍ക്ക് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിലൂടെ സംഭവിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
മിസ്റ്റര്‍ ഓപ്പോസിഷന്‍ ലീഡര്‍ എന്ന് കെ.ടി. ജലീല്‍ വിളിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തോട് നന്ദി പറയുന്നെന്നും വി.ഡി. സതീശന്‍ സഭയില്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ പറഞ്ഞിരുന്നു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ മിസ്റ്റര്‍ മുഖ്യമന്ത്രിയെന്ന് തുടര്‍ച്ചയായി വിളിച്ചതില്‍ മുഖ്യമന്ത്രി അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. സംഭവത്തിലും വി.ഡി. സതീശന്‍ പ്രതികരിച്ചു. ചെന്നിത്തല മിസ്റ്റര്‍ മുഖ്യമന്ത്രിയെന്നാണ് വിളിച്ചത്. അതില്‍ എന്താണ് തെറ്റ്? പണ്ട് മുഖ്യമന്ത്രി വിളിച്ചത് പോലെ 'എടോ ഗോപാലകൃഷ്ണാ' എന്നൊന്നുമല്ലല്ലോ വിളിച്ചത് എന്നും സതീശന്‍ പറഞ്ഞു.