കഴിഞ്ഞ ദിവസം കനേഡിയൻ പത്രമായ ദി ഗ്ലോബ് ആൻഡ് മെയിലിൽ വന്ന വാർത്തയാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്
ഖലിസ്താൻ വാദി ഹർദീപ് സിങ് നിജ്ജാർ കൊലപാതകത്തിലെ നരേന്ദ്ര മോദിയുടെ പങ്ക് സൂചിപ്പിക്കുന്ന കനേഡിയൻ മാധ്യമറിപ്പോർട്ടിൽ പ്രതികരണവുമായി ഇന്ത്യ. ഇത്തരം പരിഹാസ്യമായ പ്രസ്താവനകൾ അവർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളിൻ്റെ പ്രതികരണം. നിജ്ജാർ കൊലപാകത്തിലെ ഗൂഢാലോചന പ്രധാനമന്ത്രി മോദിക്ക് അറിയാമായിരുന്നുവെന്ന ആരോപണമാണ് കനേഡിയൻ പത്രത്തിൽ അച്ചടിച്ചു വന്നത്.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യ-കാനഡ ബന്ധം നാൾക്കുനാൾ വഷളാവുകയാണ്. കഴിഞ്ഞ ദിവസം കനേഡിയൻ പത്രമായ ദി ഗ്ലോബ് ആൻഡ് മെയിലിൽ വന്ന വാർത്തയാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകളാണ് പത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് കാനേഡിയൻ സുരക്ഷാ ഏജൻസികൾ വിശ്വസിക്കുന്നതായി പത്രകുറിപ്പിൽ പറയുന്നു. ന്യൂഡൽഹിയിൽ നിന്ന് വിദേശ ഇടപെടലുകൾ നടത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രിയ്ക്ക് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരും കൊലപാതകത്തിൽ ഇടപെടലുകൾ നടത്തിയെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയെന്നും പത്രം റിപ്പോർട്ട് ചെയ്തു.
ALSO READ: "ഖലിസ്ഥാൻ നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതിക്ക് പിന്നിൽ അമിത് ഷാ"; ആരോപണവുമായി കാനഡ
ഈ പ്രസ്താവനകളെ തള്ളിക്കളഞ്ഞാണ് ഇന്ത്യ രംഗത്തെത്തിയത്. ഞങ്ങൾ സാധാരണയായി മാധ്യമ റിപ്പോർട്ടുകളെക്കുറിച്ച് അഭിപ്രായം പറയാറില്ല. ഇത്തരം പരിഹാസ്യമായ പ്രസ്താവനകൾ അവർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും റിപ്പോർട്ടിന് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇത്തരം അപവാദ പ്രചരണങ്ങൾ ഉലഞ്ഞിരിക്കുന്ന ബന്ധം തകർക്കാൻ മാത്രമാണ് സഹായിക്കുകയെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഖലിസ്ഥാൻ നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതിക്ക് പിന്നിൽ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന ആരോപണം കാനഡ നേരത്തെ ഉന്നയിച്ചിരുന്നു. കാനഡയുടെ വിദേശകാര്യ സഹമന്ത്രി ഡേവിഡ് മോറിസണും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സുരക്ഷാ ഉപദേഷ്ടാവായ നതാലിയ ഡ്രൗവിനുമാണ് ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ വർഷം ജൂൺ 18ന് കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് ഇന്ത്യ- കാനഡ ബന്ധത്തിലെ ഉലച്ചിലിൻ്റെ തുടക്കം. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് കാനഡ സാക്ഷിയായത്. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇതൊരു കരടായി. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഖ് സമൂഹമുള്ള രാജ്യമാണ് കാനഡ. എന്നാൽ നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല.
2023 സെപ്റ്റംബറിലാണ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആദ്യമായി ആരോപിക്കുന്നത്. ഇന്ത്യ ഈ ആരോപണം അന്ന് തന്നെ നിഷേധിച്ചിരുന്നു. വിഘടനവാദികള്‍ക്കും തീവ്രനിലപാടുകള്‍ വെച്ചുപുലർത്തുന്നവർക്കും കാനഡ അഭയം നല്‍കുന്നുവെന്ന് ഇന്ത്യ വിമർശിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം സുഖകരമല്ല. അന്ന് ട്രൂഡോ നടത്തിയ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ നല്‍കാന്‍ ഇന്ത്യന്‍ സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കാനഡ അതൊന്നും പരിഗണിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.