ലോസ് ഏഞ്ചലസിൽ നടന്ന ചടങ്ങിൽ സംവിധായകൻ ബ്ലെസി റഹ്മാനെ പ്രതിനിധീകരിച്ച് അവാർഡ് ഏറ്റുവാങ്ങി
2024ലിലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് സംഗീത സംവിധായകൻ എ. ആർ. റഹ്മാന്. ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാരം. വിദേശ ഭാഷ വിഭാഗത്തിലാണ് എ. ആർ. റഹ്മാന് അവാർഡ് ലഭിച്ചത്. ലോസ് ഏഞ്ചലസിൽ നടന്ന ചടങ്ങിൽ സംവിധായകൻ ബ്ലെസി റഹ്മാനെ പ്രതിനിധീകരിച്ച് അവാർഡ് ഏറ്റുവാങ്ങി.
എച്ച്എംഎംഎ അവാർഡുകൾ ഓസ്‌കാർ അവാർഡിന് സമാനമായ അവാർഡായാണ് കണക്കാക്കപ്പെടുന്നത്. "പാട്ടുകൾ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ചിത്രത്തിൽ റഹ്മാൻ മാന്ത്രികത മെനഞ്ഞിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. മരുഭൂമിയിലെ അതിജീവനത്തിനായുള്ള അവരുടെ പോരാട്ടത്തിൻ്റെ വൈകാരിക തലങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കാണ് പശ്ചാത്തല സംഗീതത്തിനുള്ളത്. കഥാപാത്രത്തിൻ്റെ വികാരങ്ങളുടെ ആഴം പ്രതിഫലിപ്പിക്കുന്നവയായിരുന്നു സംഗീത," മെന്നും ബ്ലെസി പ്രതികരിച്ചു.
സെഗുൻ അക്കിനോല (ഗേൾ യൂ ക്നോ ഇറ്റ്സ് ട്രൂ), അർലി ലിബർമാൻ, ടിക്കി താനെ (കാ വഹാവൈ തോനൂ), ഹാവോ തിങ് ഷൂ, തേ യങ് യൂ (മോണഗ്രൽസ്), കർസാൻ മഹ്മൂദ് (ദി സീഡ് ഓഫ് സേക്രഡ് ഫിഗ്), സാൻഡ്രോ മൊറേയ്ൽസ് സൻഡാരോ (ദി ഷാഡോ ഓഫ് ദി സൺ) എന്നിവരോട് മത്സരിച്ചാണ് റഹ്മാൻ അവാർഡിന് അർഹനായത്.
2008ൽ ബെന്യാമിൻ എഴുതിയ സൗദി അറേബ്യയിൽ തൊഴിലിനെത്തിയ മലയാളി യുവാവ് നജീബിൻ്റെ യഥാർത്ഥ ജീവിത കഥ പറയുന്ന വലിയ ആരാധകരുള്ള നോവലാണ് ആടുജീവിതം. ഇതിനെ ആസ്പദമാക്കിയാണ് ബ്ലെസി അതേ പേരിൽ സിനിമയിറക്കിയത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ജിമ്മി ജീൻ ലൂയിസ്, കെ.ആർ. ഗോകുൽ, അമല പോൾ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി.