ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം
ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരാനൊരുങ്ങി ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ പടയൊരുക്കം തുടങ്ങി സൂര്യകുമാർ യാദവും സംഘവും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് 2-0ന് മുന്നിലുള്ള ഇന്ത്യ ഇന്നും ആധികാരിക ജയത്തിനാണ് കോപ്പുകൂട്ടുന്നത്. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ 86 റൺസിൻ്റെ കൂറ്റൻ ജയം നേടിയിരുന്നു. സഞ്ജുവും അഭിഷേക് ശർമയും ഓപ്പണിങ്ങിൽ പരാജയപ്പെട്ട കഴിഞ്ഞ മത്സരത്തിൽ പുതുമുഖ താരം നിതീഷ് കുമാർ അടക്കമുള്ള മധ്യനിര തിളങ്ങിയിരുന്നു.
പരമ്പരയിൽ ആശ്വാസ ജയം തേടിയാണ് ബംഗ്ലാദേശ് ഇന്നിറങ്ങുക. ആദ്യ രണ്ട് മത്സരങ്ങളിൽ വലിയ സ്കോർ കണ്ടെത്താനാകാത്ത മലയാളി താരം സഞ്ജു സാംസണിന് പരമ്പരയിലെ അവസാന മത്സരമെന്ന നിലയിൽ ഇന്നത്തെ മത്സരം നിർണായകമാണ്. ആദ്യ മത്സരത്തിൽ 29 റൺസെടുത്ത സഞ്ജു, രണ്ടാം ടി20യിൽ 10 റൺസ് മാത്രമാണ് നേടിയത്. തകർത്തടിച്ചാൽ മാത്രമെ ഇനി ടീമിൽ തുടരാനാകൂവെന്ന് സഞ്ജുവിനും ഉത്തമ ബോധ്യമുണ്ടാകും.
വരാനിരിക്കുന്ന പരമ്പരകൾക്കും, ചാമ്പ്യൻസ് ട്രോഫിക്കുമുള്ള ടീമിനെ ഒരുക്കുക എന്നത് കൂടിയാണ് പരിശീലകൻ ഗൗതം ഗംഭീറിന്റെ ലക്ഷ്യം. ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയതിനാൽ പുതിയ താരങ്ങൾക്ക് അവസരം നൽകാനിടയുണ്ട്. രവി ബിഷ്‌ണോയ്, തിലക് വർമ, ജിതേഷ് ശർമ, ഹർഷിത് റാണ എന്നിവരാണ് അവസരം കാത്ത് ബെഞ്ചിലുള്ളത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. പരമ്പരയ്ക്കിടെ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ബംഗ്ലാദേശ് ഓൾറൗണ്ടർ മഹ്മൂദുള്ളയുടെ വിടവാങ്ങൽ മത്സരം കൂടിയാണ് ഇന്നത്തേത്.