വേനൽക്കാലത്ത് കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥ കുടുംബ ബഡ്ജറ്റിനെയും സാരമായി ബാധിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നു
കടുത്ത കുടിവെള്ള പ്രതിസന്ധി നേരിട്ട് കാഞ്ചിയാർ പഞ്ചായത്തിലെ ആദിവാസി മേഖലയായ കോവിൽമല, ഇല്ലിക്കമേട് നിവാസികൾ. വർഷങ്ങളായി ഇടുക്കിമേട് കുടിവെള്ള പദ്ധതിയെയാണ് പ്രദേശവാസികൾ ആശ്രയിച്ചിരുന്നത്. എന്നാൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി റോഡരികിൽ പൈപ്പുകൾ കുഴിച്ചിടുന്ന പ്രവൃത്തി അടുത്തനാളുകളിലാണ് നടത്തിയത്. ഇതോടെ ഉണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. ഇടുക്കിമേട് പദ്ധതിയുടെ പൈപ്പുകൾ മിക്കവയും പൊട്ടി കുടിവെള്ള വിതരണം താറുമാറായിരിക്കുകയാണ്.
ജൽജീവൻ മിഷൻ പദ്ധതിക്കരാർ എടുത്തിരുന്നവർ തകർന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്താമെന്ന് ഉറപ്പ് നൽകിയെങ്കിലും സാധ്യമായില്ല. വേനൽ കടുത്തതോടെ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വലിയ തുക മുടക്കി പുറത്തുനിന്നും കുടിവെള്ളം വിലയ്ക്കുവാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് കോവിൽമല, ഇല്ലിക്കമേട് നിവാസികൾ.
Also Read: ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യം, എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം: ഇ.പി. ജയരാജന്‍
കൂലിപ്പണിക്കാരും ദിവസ വേതനത്തിൽ ജോലിയുള്ളവരുമാണ് പ്രദേശവാസികളിൽ ഭൂരിഭാഗവും. വേനൽക്കാലത്ത് കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥ കുടുംബ ബഡ്ജറ്റിനെയും സാരമായി ബാധിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നു. വേനൽക്കാലത്തിന് മുമ്പായി സ്ഥാപിക്കാൻ ഒരുങ്ങിയ ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾ ഭൂമിക്കടിയിൽ കുഴിച്ചിട്ടു എന്നതൊഴിച്ചാൽ ഒരു തുള്ളി വെള്ളം പോലും പൈപ്പിലൂടെ എത്തിയിട്ടില്ല. ഉണ്ടായിരുന്ന ഇടുക്കിമേട് പദ്ധതിയും ഇല്ലാതായി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പോംവഴി ഉണ്ടാക്കിയില്ലെങ്കിൽ അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.