ആഗോള ഐഎസ് സംഘടനയിലെ വളരെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് അബു ഖദീജയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ എറിക് കുരുവിള
യുഎസ്-ഇറാഖ് സംയുക്ത സൈനിക നടപടിയില്‍ ഇറാഖി-സിറിയന്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടു. ഇറാഖിലെ അല്‍ അന്‍ബര്‍ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍, അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദല്ല മക്കി മുസ്ലിഹ് അൽ റിഫയാണ് കൊല്ലപ്പെട്ടത്. ആഗോളതലത്തില്‍ സംഘടനയുടെ രണ്ടാമനായി അറിയപ്പെടുന്ന നേതാവാണ് അബു ഖദീജ. മാര്‍ച്ച് 13നാണ് ഇറാഖ് രഹസ്യാന്വേഷണ വിഭാഗവും, സുരക്ഷാ സേനയുമായി ചേര്‍ന്ന് യുഎസ് വ്യോമാക്രമണം നടത്തിയത്. നടപടിയിയില്‍ മറ്റൊരു ഐഎസ് ഭീകരന്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണദൃശ്യങ്ങൾ യുഎസ് എക്സിൽ പങ്കുവെച്ചു.
യുഎസ് സെന്‍ട്രല്‍ കമാന്‍ഡും ഇറാഖ് സൈന്യവും ചേര്‍ന്നാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട ഇരുവരും ചാവേര്‍ വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ടായിരുന്നു. രണ്ടുപേരുടെ കൈയിലും ഒന്നിലധികം ആയുധങ്ങളും ഉണ്ടായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് അബു ഖദീജയാണെന്ന് സ്ഥിരീകരിച്ചതെന്നും സേനാവിഭാഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗോള ഐഎസ് സംഘടനയിലെ വളരെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് അബു ഖദീജയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ എറിക് കുരുവിള പറഞ്ഞു. മാതൃരാജ്യമായ യുഎസിനും, മേഖലയ്ക്കകത്തും പുറത്തുമുള്ള സഖ്യകക്ഷികള്‍ക്കും ഭീഷണി സൃഷ്ടിക്കുന്ന ഭീകരരെ വധിക്കുന്നതും അവരുടെ സംഘടനകളെ ഇല്ലാതാക്കുന്നതും തുടരുമെന്നും ജനറല്‍ മൈക്കല്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖിലും, ലോകത്തിലും ഏറ്റവും അപകടകാരിയായ ഐഎസ് ഭീകരരില്‍ ഒരാളാണ് അബു ഖജീജ എന്നായിരുന്നു ഇറാഖ് പ്രധാനമന്ത്രി മൊഹമ്മദ് ഷിയ അല്‍ സുഡാനിയുടെ പ്രതികരണം.
ആഗോളതലത്തില്‍ ഐഎസിന്റെ ലോജിസ്റ്റിക്സ്, ആസൂത്രണം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് അബു ഖദീജയായിരുന്നുവെന്ന് യുഎസ് സൈനികരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസിലേക്കുള്ള ആഗോള റിക്രൂട്ടിങ് ഉള്‍പ്പെടെ നടത്തിയിരുന്നതും അബു ഖദീജയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.