അനന്തുകൃഷ്ണനിൽ നിന്ന് ആനന്ദകുമാർ കോടികൾ കൈപ്പറ്റിയത് തട്ടിപ്പ് പണം ആണെന്ന അറിവോടെയെന്നും ക്രൈം ബ്രാഞ്ച്
പകുതി വില തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാർ തന്നെയെന്ന് ക്രൈം ബ്രാഞ്ച്. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് തട്ടാനാണ് ആനന്ദകുമാറും സംഘവും ആദ്യം പദ്ധതിയിട്ടത്. അനന്തുകൃഷ്ണനിൽ നിന്ന് ആനന്ദകുമാർ കോടികൾ കൈപ്പറ്റിയത് തട്ടിപ്പ് പണം ആണെന്ന അറിവോടെയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
കേസിൽ നിലവിൽ ആനന്ദകുമാർ റിമാന്റിലാണ്. മൂവാറ്റുപുഴ സബ്ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് ആനന്ദകുമാറിനെ റിമാൻഡ് ചെയ്തത്. മാർച്ച് 26 വരെയാണ് റിമാൻഡ് കാലാവധി. 26ന് അകം മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവുണ്ട്.
ALSO READ: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: മുഖ്യപ്രതി ആകാശിനായുള്ള കസ്റ്റഡി അപേക്ഷ നൽകാൻ പൊലീസ്
പ്രതിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളിയതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നു. കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്നതിൽ തടസമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. എറണാകുളം ജില്ലയിലെ കേസിലാണ് അറസ്റ്റ്.