വാഹനത്തിനായി കാത്തിരിക്കുന്ന മലയാളികളുടെ ചിത്രങ്ങളും എംബസി ഉദ്യോഗസ്ഥൻ്റെ സന്ദേശവും ന്യൂസ് മലയാളത്തിന് ലഭിച്ചു
റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായി മലയാളികൾ കുടുങ്ങികിടക്കുന്നെന്ന ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെ മോചനത്തിനായുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യൻ എംബസിയും റഷ്യൻ ഗവൺമെൻ്റും. യുദ്ധമുഖത്ത് കുടുങ്ങിയ മലയാളികളെ യുക്രെയ്ൻ അതിർത്തിയിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് മാറ്റുകയാണ്. നടപടികളെല്ലാം പൂർത്തീകരിച്ചതായി ഇന്ത്യൻ എംബസി മലയാളികൾക്ക് അറിയിപ്പ് നൽകി.
അറിയിപ്പിന് പിന്നാലെ നാട്ടിലേക്ക് തിരികെയെത്താൻ തയാറെടുക്കുകയാണ് മലയാളികൾ. ഇവരെ ബഹ്മത്തിലെ പട്ടാളക്യാമ്പിൽ നിന്നും മെറിനോസ്കിയിലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. കൊല്ലം സ്വദേശി സിബി തോമസിനെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചിലരെയും ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതായാണ് വിവരം. തൃശ്ശൂർ സ്വദേശി സന്തോഷ് ഷൺമുഖനും എറണാകുളം സ്വദേശി റെനിൽ തോമസും വാഹനത്തിനായി കാത്തിരിക്കുകയാണ്. തൃശ്ശൂർ സ്വദേശികളായ ബിനിൽ ബാബുവിനെയും ജെയ്ൻ കുര്യനെയും ഇന്ന് ക്യാമ്പിൽ നിന്നും മാറ്റുമെന്നുമാണ് വിവരം.
തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. തൃശൂർ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ മൃതദേഹം റഷ്യയിലെ റോസ്തോവിൽ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തിരുന്നു. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ചെറിയ ജോലികളാണെങ്കിലും മികച്ച ശമ്പളം ലഭിക്കുമെന്നുള്ള വാഗ്ദനം വിശ്വസിച്ചാണ് ആറ് പേരും റഷ്യയിലെത്തിയത്. ഏജന്റ് മുഖേന ടൂറിസ്റ്റ് വിസയിൽ എത്തിയതിന് ശേഷമാണ് ഇവർക്ക് റഷ്യൻ പൗരത്വം എടുക്കണമെന്നും സൈന്യത്തിൽ ചേരണമെന്ന് മനസിലായത്. ഇക്കാര്യങ്ങൾ നാട്ടിലറിയാതിരിക്കാൻ പലരും രഹസ്യമായി സൂക്ഷിച്ചെങ്കിലും സന്ദീപിന്റെ മരണ വാർത്തയോടെ പ്രശ്നങ്ങൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പിന്നാലെ ഇവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങൾ രംഗത്തെത്തി.