എൻ.ഡി. അപ്പച്ചനെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും ടി. സിദ്ധിഖ് പറഞ്ഞു
ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കളായ എൻ.ഡി. അപ്പച്ചനും ഐ.സി. ബാലകൃഷ്ണനും ഒളിവിലെന്ന വാർത്ത നിഷേധിച്ച് ടി.സിദ്ധിഖ് എംഎൽഎ. ആരും ഒളിവിലല്ല, പാർട്ടി കമ്മീഷൻ രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും ടി. സിദ്ധിഖ് പറഞ്ഞു. എൻ.ഡി. അപ്പച്ചനെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും ടി. സിദ്ധിഖ് പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരിൽ വേർതിരിവ് കാണിക്കുന്നുവെന്നും ടി. സിദ്ദിഖ് എംഎൽഎ പ്രതികരിച്ചു. നെടുമ്പാല എസ്റ്റേറ്റിൽ പത്ത് സെൻ്റും, കൽപ്പറ്റയിൽ അഞ്ച് സെൻ്റുമാണ് നൽകുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ദുരന്തബാധിതരുടെ അക്കൗണ്ടിലേക്ക് വന്ന പണം പിടിച്ചെടുത്തെന്നും ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. പ്രഖ്യാപനമല്ല, സമയബന്ധിത പുനരധിവാസമാണ് വേണ്ടത്. കൃത്യവും വ്യക്തവുമായ സമീപനം സർക്കാർ നടത്തേണ്ട സമയം അതിക്രമിച്ചു. നഷ്ടപ്പെട്ട ഭൂമി, കാർഷിക വിഭവങ്ങൾ എന്നിവയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ALSO READ: അറസ്റ്റ് ഭയന്ന് പി.സി. ജോർജ് ഒളിവിൽ; വിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യത്തിന് നീക്കം
പ്രിയങ്ക ഗാന്ധി ഉൾപ്പെടെ സമ്മർദ്ദം ചെലുത്തിയിട്ടും വയനാട് ജനതയെ സർക്കാർ അവഗണിക്കുകയാണ്. ഇനിയും കാണാതായ ആളുകളുടെ കുടുംബത്തെ വിളിച്ചു ചേർത്ത് മരണ പ്രഖ്യാപനം നടത്തി വേഗത്തിൽ നഷ്ടപരിഹാരം നൽകാനുള്ള നടപടി ഉണ്ടാകണം. ദുരന്തബാധിതർക്കുള്ള സൗജന്യ ചികിത്സ ഉറപ്പുവരുത്താൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും ടി. സിദ്ദിഖ് പറഞ്ഞു.