വന്യജീവിശല്യം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ വനംവകുപ്പിന്‍റെ ഭാഗത്തുനിന്നും അനാസ്ഥ സംഭവിച്ചവെന്ന് വർഗീസ് ചക്കാലക്കൽ പറഞ്ഞു
വനനിയമ ഭേദഗതി ആശങ്ക ഉണ്ടാക്കുന്നതെന്ന് ലത്തീൻ സഭ. ജനദ്രോഹപരമായ വകുപ്പുകൾ പിൻവലിക്കണം. നിലവിലെ ഭേദഗതി പ്രകാരം നിരപരാധികൾ ശിക്ഷിക്കപ്പെടാൻ കാരണമാകുമെന്നും കെആർഎൽസിസി പ്രസിഡൻ്റ് ഡോ.വർഗീസ് ചക്കാലക്കൽ പറഞ്ഞു.
വന്യജീവിശല്യം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ വനംവകുപ്പിന്‍റെ ഭാഗത്തുനിന്നും അനാസ്ഥ സംഭവിച്ചുവെന്ന് വർഗീസ് ചക്കാലക്കൽ പറഞ്ഞു. സർക്കാർ ജനങ്ങളെ സഹായിക്കാനുള്ളതാണ്. എന്നാൽ അവർ കൊണ്ടുവരുന്ന നിയമങ്ങൾ ജനങ്ങളെ ദ്രോഹിക്കുന്നതാണ്. ഇത്തരം നിയമങ്ങളിലൂടെ ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റുന്നുവെന്നും കെആർഎല്‍സിസി അറിയിച്ചു.
1961ലെ വന നിയമമാണ് ഇടതുപക്ഷ സർക്കാർ ഭേദഗതി ചെയ്യുന്നത്. 2019ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല. ഇത് കാലഹരണപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും അവതരിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. 2024 നവംബർ ഒന്നിനാണ് വന നിയമ ഭേദഗതി ബില്ലിന്റെ വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്. മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ വരുന്ന നിയമസഭ സമ്മേളനത്തിൽ പാസാക്കാനാണ് സർക്കാർ തീരുമാനം. വന വിഭവങ്ങളെ ആശ്രയിക്കുന്നവരെയും വനാതിർത്തിയിൽ താമസിക്കുന്നവരെയും പരിഗണിക്കുന്നില്ല, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നുവെന്നതൊക്കെയാണ് ബില്ലിനെതിരെയുള്ള ആരോപണങ്ങൾ.
ഗസറ്റിൽ പ്രഖ്യാപിച്ച കരട് ബില്ലിനെ സംബന്ധിച്ച് അനാവശ്യ വിവാദമാണ് ഇപ്പോൾ ഉയർന്നുവരുന്നതെന്നാണ് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍റെ നിലപാട്. ഇങ്ങനെയുള്ള വിവാദങ്ങൾ വസ്തുതകൾ പരിശോധിക്കാതെയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള അനവാശ്യ വിവാദങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും എ.കെ. ശശീന്ദ്രൻ അറിയിച്ചു.
കരട് ബില്ലിൽ ചേർത്തിട്ടുള്ള പലതും കർഷക വിരുദ്ധമെന്നാണ് ആരോപണം ഉന്നയിക്കുന്നത്. മനുഷ്യ- വന്യജീവി സംഘർഷം സംബന്ധിച്ച് ഒന്നും ഉൾക്കൊള്ളിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ മുൻവിധിയില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള നിയമം അതേപടി തുടരണോ,കാലാനുസൃതമായി പരിഷ്കരിക്കണോ, എന്ന കാര്യവും ചർച്ചയ്‌ക്ക് ശേഷം തീരുമാനിക്കും. വിമർശനങ്ങളിൽ കഴമ്പുണ്ടെങ്കിൽ അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു.