ജനുവരി 6ന് നടന്ന ഒരു ചാനൽ ചർച്ചയിലാണ് പി.സി. ജോർജ് വിദ്വേഷപരമായ പരാമർശം നടത്തിയത്
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി.
മുസ്ലീമുകളെല്ലാം വർഗീയ വാദികളെന്നും അവർ പാകിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞ പി.സി. ജോർജിനെതിരെ കേസെടുക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന് നാസർ ഫൈസി ആവശ്യപ്പെട്ടു. സിനിമ നടിക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ വ്യവസായിയെ ജയിലിലടക്കാനാണ് സർക്കാർ കൂടുതൽ താൽപ്പര്യം കാണിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
ഒരു സിനിമാ നടിക്കെതിരെ ദ്വയാർഥ പ്രയോഗം നടത്തിയെന്ന് പറഞ്ഞ് നിങ്ങൾ ഒരു വ്യവസായിയെ പിടിച്ച് ജയിലിൽ ഇട്ടിട്ടുണ്ടല്ലോ. അതിന് നിങ്ങൾക്ക് വകുപ്പുണ്ടെങ്കിൽ, രാജ്യത്തെ മുഴുവൻ മുസ്ലീമുകളുടെയും മുഖത്ത് നോക്കി വർഗീയവാദികളെന്നു വിളിച്ച പി.സി. ജോർജിനെ ജയിലിലടയ്ക്കാൻ നിങ്ങൾക്ക് ചങ്കുറപ്പില്ലെങ്കിൽ അധികാരം വിട്ട് പുറത്തുപോകണമെന്ന് കൂടി ഞങ്ങൾ പിണറായിയുടെ ഗവൺമെന്റിനോട് പറയുകയാണ്, നാസർ ഫൈസി പറഞ്ഞു.
Also Read: അറസ്റ്റ് ഭയന്ന് പി.സി. ജോർജ് ഒളിവിൽ; വിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യത്തിന് നീക്കം
ജനുവരി 6ന് നടന്ന ഒരു ചാനൽ ചർച്ചയിലാണ് പി.സി. ജോർജ് വിദ്വേഷപരമായ പരാമർശം നടത്തിയത്. ഇന്ത്യയിലെ മുസ്ലീം വിഭാഗക്കാർ മുഴവൻ തീവ്രവാദികളാണെന്നായിരുന്നു പി.സി. ജോർജിൻ്റെ പരാമർശം. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീമുകള്‍ കൊന്നു. ഇവർ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. ഈരാറ്റുപേട്ടയിൽ മുസ്ലീം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പി.സി. ജോർജ് ആരോപിച്ചിരുന്നു. സംഭവത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്.
യൂത്ത് ലീഗിന്‍റെ പരാതിയിൽ പി.സി. ജോർജിനെതിരെ പൊലീസ് കേസെടുത്തു. മതസ്പർധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. അറസ്റ്റ് ഭയന്ന് ഒളിവിലാണ് പി.സി. ജോർജ്.