യുദ്ധത്തിൽ ഇതുവരെ 46,566 പലസ്തീനികൾ കൊല്ലപ്പെടുകയും 109,660 പേർക്ക് പരുക്കേൽക്കുകയും ചെയ്തു
ഇസ്രയേൽ ആക്രമണങ്ങളിൽ അഞ്ച് ദിവസത്തിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടത് 70 കുട്ടികൾ. ഗാസ മുനമ്പിലെ അഭയാർഥി ക്യാംപുകൾ, സ്കൂളുകൾ എന്നിവയ്ക്ക് നേരെ നടന്ന ആക്രമണങ്ങളിലാണ് ഇവർ കൊല്ലപ്പെട്ടിരിക്കുന്നത്. ഹമാസിന്‍റെ നേതൃത്വത്തിലുള്ള ആഭ്യന്തര പ്രതിരോധ വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ, ഇരകളുടെ പ്രായം സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
16-ാം മാസത്തിലേക്ക് കടക്കുന്ന ഇസ്രയേൽ വംശഹത്യയിൽ വലിയ തോതിൽ ദുരിതം അനുഭവിക്കുന്നത് ഗാസയിലെ കുട്ടികളാണ്. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്ക് പുറമേ പോഷകാഹാരം പോലും ഇസ്രയേൽ ഉപരോധം കാരണം ഇവർക്ക് അപ്രാപ്യം ആയിരിക്കുന്നു. ഇതിനെല്ലാം ഉപരിയായി എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെടാം എന്ന സ്ഥിതിയും. വടക്കൻ ഗാസയിലെ ജബലിയയിൽ പലസ്തീനികൾ അഭയം പ്രാപിച്ചിരുന്ന ഒരു സ്‌കൂളിന് നേരെ നടന്ന ആക്രമണത്തിൽ കുട്ടികളടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്.
ഒരു വശത്ത് ആക്രമണങ്ങൾ കടുപ്പിക്കുമ്പോൾ മറുവശത്ത് വെടിനിർത്തലിനായുള്ള ശ്രമങ്ങളും സജീവമാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മൊസാദ്, ഷിൻ ബെത് സുരക്ഷാ ഏജൻസികളുടെ തലവൻമാർ ഉൾപ്പെടെയുള്ള ഒരു സംഘത്തെ വെടിനിർത്തലിനും ബന്ദികളുടെ കൈമാറ്റ ചർച്ചകൾക്കുമായി ഖത്തറിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാൻ കരാർ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ നെതന്യാഹുവിനെതിരെ വൻ ജനാവലിയാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. വെടിനിർത്തൽ ചർച്ചയിൽ നിലവിൽ ഇസ്രയേൽ സമ്മർദത്തിലാണെന്നും ഹമാസിനെപ്പോലെ യുദ്ധത്തിന്റെ ആരംഭം മുതൽ ഒരു നിലപാടിൽ ഉറച്ചുനിൽക്കാൻ നെതന്യാഹു സർക്കാരിന് സാധിച്ചിട്ടില്ലെന്നുമാണ് ഇസ്രയേൽ രാഷ്ട്രീയ നിരീക്ഷകൻ ഒറി ഗോൾഡ്ബർഗിന്റെ നിരീക്ഷണം.
Also Read: വിമത റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിൽ നിന്ന് വാദ് മദനി തിരിച്ചുപിടിച്ച് സുഡാൻ
അതേസമയം, ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,000 കടന്നുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഘർഷം 16 മാസം പിന്നിടുമ്പോൾ യുദ്ധത്തിൽ ഇതുവരെ 46,566 പലസ്തീനികൾ കൊല്ലപ്പെടുകയും 109,660 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി.