ബഹിരാകാശത്ത് റോബോട്ടിക് സംവിധാനം വിന്യസിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയിരിക്കുകയാണ്
ബഹിരാകാശ റോബോട്ടിക്സ് രംഗത്ത് ചരിത്രമെഴുതി ഇന്ത്യ. ബഹിരാകാശ മാലിന്യങ്ങൾ നീക്കുന്നതിനായി വികസിപ്പിച്ച 'യന്ത്രക്കൈ' (റോബോട്ടിക് ആം) പ്രവർത്തന പരീക്ഷണം വിജയകരമായി. റീലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ എന്ന പരീക്ഷണമാണ് വിജയകരമായത്. തിരുവനന്തപുരത്തെ ഐഎസ്ആര്‍ഒയുടെ ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റിൽ വികസിപ്പിച്ചെടുത്ത ഈ യന്ത്രക്കൈ, 'സ്പേഡെക്‌സ്' ദൗത്യത്തിനൊപ്പമാണ് വിക്ഷേപിച്ചത്. ഒപ്പം വിഎസ്എസ്‌സി രൂപകൽപന ചെയ്ത ക്രോപ്സ് പേലോഡ് പരീക്ഷണവും വിജയകരമായി.
ഇതോടെ ബഹിരാകാശത്ത് റോബോട്ടിക് സംവിധാനം വിന്യസിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യത്തെ സ്പേസ് റോബോട്ടിക് ആം വിജയകരമായി പ്രവർത്തിപ്പിച്ചതായുള്ള വീഡിയോ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. ബഹിരാകാശ മാലിന്യങ്ങളെ നീക്കം ചെയ്യാനാണ് ഈ 'യന്ത്രക്കെെ' ഐഎസ്ആർഒ വികസിപ്പിച്ചത്.
ALSO READ: പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ. ആര്‍. ചിദംബരം അന്തരിച്ചു
പിഎസ്എൽവി-സി 60 റോക്കറ്റിലെ POEM-4ലാണ് യന്ത്രക്കൈ ഘടിപ്പിച്ചിരുന്നത്. ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഈ സാങ്കേതികവിദ്യ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണുള്ളത്. ഒരു ബഹിരാകാശ പേടകം അതിന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ വിവിധ ആവശ്യങ്ങള്‍ക്കായി യന്ത്രക്കൈകളെ ഉപയോഗിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഇത്തരം സംവിധാനമുണ്ട്. ബഹിരാകാശത്ത് വെച്ച് വസ്തുക്കള്‍ പിടിച്ചെടുക്കാനും അവയെ ഉദ്ദേശിച്ച സ്ഥാനത്തെത്തിക്കാനും കൊണ്ടുവരാനും യന്ത്രക്കൈക്ക് സാധിക്കും.
ഐഎസ്ആര്‍ഒ വികസിപ്പിച്ച സംവിധാനത്തിന്റെ കാര്യക്ഷമതയാണ് ഇപ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഭാവിയില്‍ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമ്പോള്‍ യന്ത്രക്കൈ ഉപയോഗിക്കമെന്നാണ് ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ. ബഹിരാകാശത്ത് നടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള ക്യാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ എന്നിവയെല്ലാം റോബോട്ടിക് ആമിലുണ്ട്. ബഹിരാകാശത്ത് വളരെ വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുക്കളെ കൈക്കലാക്കി സുരക്ഷിതമായി പേടകത്തിന് സമീപമെത്തിക്കാൻ യന്ത്രക്കൈ സഹായിക്കുന്നു.
ഇതിനൊപ്പം വിഎസ്എസ്‌സി രൂപകൽപന ചെയ്ത ക്രോപ്സ് പേലോഡ് പരീക്ഷണവും വിജയം കൈവരിച്ചിരിക്കുകയാണ്. പരീക്ഷണത്തിലൂടെ ബഹിരാകാശത്ത് വിത്ത് മുളപ്പിച്ചിരിക്കുകയാണ് ഐഎസ്ആർഒ. വൻപയർ വിത്താണ് ഐഎസ്ആർഒ മുളപ്പിച്ചത്. എട്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ച് വളര്‍ത്താനാണ് ഐഎസ്ആര്‍ഒ പദ്ധതി. രണ്ട് ഇലകളാകുന്നതുവരെയുള്ള സസ്യത്തിന്റെ നിലനില്‍പ്പും പരിശോധിക്കും.
അതേസമയം ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് നടക്കും. രാവിലെ ഒമ്പതിനും പത്തിനുമിടയിൽ ഉപഗ്രഹങ്ങളെ ഡോക്ക് ചെയ്യാനാണ് പദ്ധതി. ബെംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാകും ഉപഗ്രഹങ്ങളെ നിയന്ത്രിക്കുക. നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ വിജയകരമായി സ്‌പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ.