സുരക്ഷസേനയുടെ വാഹനവ്യൂഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു. സുരക്ഷസേനയുടെ വാഹനവ്യൂഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടുതൽ സൈനികർക്ക് പരുക്കേറ്റതായാണ് വിവരം.
ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ച് വാഹനവ്യൂഹത്തിന് നേരെ സ്ഫോടനമുണ്ടാക്കിയതിനെ തുടർന്നാണ് എട്ട് ജവാൻമാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടത്. ഒരു ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ബസ്തർ മേഖലയിലെ കുറ്റ്രുവിൽ വെച്ച് ഐഇഡി ഉപയോഗിച്ച് മാവോയിസ്റ്റുകൾ സ്കോർപിയോ എസ്‌യുവി തകർത്തത്. സംസ്ഥാനത്തെ മാവോയിസ്റ്റുകളെ നേരിടാൻ രൂപീകരിച്ച പ്രത്യേക പോലീസ് യൂണിറ്റായ ജില്ലാ റിസർവ് ഗാർഡിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും.
നേരത്തെ അബുജ്മദ് മേഖലയിൽ സുരക്ഷാ സേന മാവോയിസ്റ്റുകളെ ആക്രമിക്കുകയും രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് വിമതരെ വധിക്കുകയും ചെയ്തിരുന്നു. എ.കെ. 47 ഉൾപ്പെടെയുള്ള ആയുധങ്ങളും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തിരുന്നു.