കോൺഗ്രസിനെ കരിവാരി തേക്കാനുള്ള സിപിഎം ശ്രമമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു
രമേശ് ചെന്നിത്തല
വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ കുറിപ്പിൽ സംശയം ഉന്നയിച്ച് രമേശ് ചെന്നിത്തല എംഎൽഎ. ആത്മഹത്യാക്കുറിപ്പാണോ എന്നാർക്കറിയാം? വിഷയത്തിൽ സിപിഎം രാഷ്ട്രീയം കളിക്കുന്നു. ഐ.സി. ബാലകൃഷ്ണൻ സത്യസന്ധനായ നേതാവാണെന്നും കോൺഗ്രസിനെ കരിവാരി തേക്കാനുള്ള സിപിഎം ശ്രമമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കെപിസിസി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കെപിസിസിക്ക് ആർക്കുവേണമെങ്കിലും കത്ത് അയക്കാം. അതിൽ ഒന്നും ഐ.സി. ബാലകൃഷ്ണന് ഒരു പങ്കുമില്ല. കെപിസിസി നിയമിച്ച അന്വേഷണ കമ്മീഷൻ അന്വേഷണം നടത്തി. കുറ്റക്കാർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.
അതിൽ ഐ.സി. ബാലകൃഷ്ണനെതിരെ ഒരു കണ്ടെത്തലും ഇല്ല. പാർട്ടിയുടെ അന്വേഷണ കമ്മീഷനിലും ഒരു പരാതിയുമില്ല. ഐ.സി. ബാലകൃഷ്ണനെതിരെ സിപിഎം നടത്തുന്ന പ്രവർത്തനം തികച്ചും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ്. അത് രാഷ്ട്രീയമായി നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വയനാട് ഡിസിസി ട്രഷററർ എൻ.എം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പ് ഇന്നാണ് പുറത്തുവന്നത്. നാല് കത്തുകൾ ആണ് വിജയന്‍റേതായി ലഭിച്ചത്. വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചനും മുന്‍ ഡിസിസി പ്രസിഡൻ്റും എംഎൽഎയുമായ ഐ.സി. ബാലകൃഷ്ണനും പണം വാങ്ങാൻ ഇടപ്പെട്ടുവെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നുമാണ് കത്തുകളില്‍. സഹകരണ ബാങ്ക് നിയമനത്തിനായി ഐ.സി. ബാലകൃഷ്ണന്‍റെ നിർദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി നൽകി. രണ്ട് ലക്ഷം രൂപ ഐ.സി. തിരികെ നൽകി. ബാക്കി അഞ്ച് ലക്ഷം രൂപ തൻ്റെ ബാധ്യതയായിയെന്നുമാണ് വിജയന്‍ കത്തില്‍ എഴുതിയിരിക്കുന്നത്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും രാഹുൽഗാന്ധി എംപിക്കും പ്രിയങ്ക ഗാന്ധി എംപിക്കുമായാണ് കത്തെഴുതിയിരിക്കുന്നത്.
Also Read: നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചിട്ടില്ല; വാർത്ത നിഷേധിച്ച് യെമൻ എംബസി
വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
പി.വി. അൻവറിന്റെ അറസ്റ്റ്
പി.വി. അൻവറിന്റെ അറസ്റ്റ് കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത അറസ്റ്റാണെന്നും മുൻ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു. സ്വാഭാവിക പ്രതിഷേധമാണ് അൻവർ നടത്തിയത്. നിയമസഭയിൽ അക്രമം നടത്തിയ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. പിണറായി വിജയനെ വിമർശിച്ചാൽ ജയിലിൽ അടക്കുമെന്നത് തെറ്റായ നടപടിയാണ്. അൻവർ യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ല എന്നാണ് വിശ്വാസമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന്റെ മരണം
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നീതി കിട്ടില്ല എന്നുള്ളത് കൊണ്ടാണ് കുടുംബം കോടതിയിയെ സമീപിച്ചത്. അതുകൊണ്ട് തന്നെയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.