നേർക്കുനേർ പോരിൽ ആകെ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ജയിച്ചത് ലഖ്നൗ ആണ്.
ഐപിഎല്ലിൽ ജയം തുടരാൻ റിഷഭ് പന്തിൻ്റെ ലഖ്നൗ സൂപ്പർ ജയൻ്റ്‌സും ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സും ഇന്ന് നേർക്കുനേർ. പഞ്ചാബ് രണ്ടാം മത്സരത്തിനാണ് ഒരുങ്ങുന്നത്. ലഖ്നൗ ആകട്ടെ ഡൽഹിയോട് ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഉജ്വലജയം കുറിച്ചാണ് വരുന്നത്. നേർക്കുനേർ പോരിൽ ആകെ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ജയിച്ചത് ലഖ്നൗ ആണ്. കഴിഞ്ഞ സീസണിൽ മത്സരിച്ച ഒരേയൊരു മത്സരത്തിലും ജയിച്ചത് ലഖ്നൗ തന്നെയാണ്.
മെഗാ താരലേലത്തിൽ ടീം ഉടച്ചുവാർത്ത പഞ്ചാബ് ആദ്യ മത്സരത്തിൽ കാഴ്ചവെച്ചത് ബാറ്റിംഗ് വെടിക്കെട്ടാണ്. ശ്രേയസ് അയ്യർ മുന്നിൽ നിന്ന് നയിച്ചപ്പോൾ ടീം നേടിയത് 243 റൺസായിരുന്നു. ക്യാപ്റ്റൻ 97 റൺസുമായി പുറത്താകാതെ നിന്നു. സ്വന്തം സെഞ്ച്വറിയേക്കാൾ ടീമിൻ്റെ സ്കോറിനായി അവസരം നൽകിയ ശ്രേയസിൻ്റെ തീരുമാനമാണ് 11 റൺസ് ജയത്തിലേക്ക് ടീമിനെയെത്തിച്ചത്. മികച്ച നായകനും മികച്ച ബാറ്റിംഗ് നിരയും ഓൾറൗണ്ടർമാരും നിറഞ്ഞ സംഘമാണ് പഞ്ചാബിൻ്റേത്. ബൗളർമാർ കൂടി കളംനിറഞ്ഞാൽ പഞ്ചാബിന് ആദ്യ കിരീടം സ്വപ്നം അപ്രാപ്യമല്ല.
ആദ്യ മത്സരത്തിന് സമാനമായി പ്രിയാൻഷ് ആര്യ,പ്രഭ്സിമ്രൻ സിംഗ് ജോഡി തന്നെയാകും ഓപ്പണിംഗിൽ. ഈ ഐപിഎല്ലിൽ ശ്രദ്ധിക്കേണ്ട താരമാണ് 24കാരൻ പ്രിയാൻഷ് ആര്യ. ആദ്യ മത്സരത്തിൽ പ്രിയാൻഷ് നേടിയത് 23 പന്തിൽ 47 റൺസാണ്. ശ്രേയസ്,അസ്മത്തുള്ള ഒമർസായി, ഗ്ലെൻ മാക്സ് വെൽ, മാർക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ് എന്നിവരും തിളങ്ങിയാൽ ആദ്യ മത്സരത്തിലെന്നത് പോലെ ഏത് വലിയ റൺമലയും സാധ്യമാണ് പഞ്ചാബിന്.
നായകൻ റിഷഭ് പന്ത് ഫോമിലേക്ക് എത്താത്തതാണ് ലഖ്നൗവിൻ്റെ ആശങ്ക. ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ പന്ത് രണ്ടാം മത്സരത്തിൽ നേടിയത് 15 റൺസാണ്. ലഖ്നൗ നിരയിൽ ഇന്നും ശ്രദ്ധാകേന്ദ്രമാവുക നിക്കോളാസ് പൂരനാകും. ഐപിഎല്ലിൽ വെടിക്കെട്ടിൻ്റെ മറുപേരാവുകയാണ് വെസ്റ്റ് ഇൻഡീസ് താരം. സീസണിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിലും അർധ സെഞ്ച്വറി നേടിയ നിക്കോളാസ് പുരാൻ ചരിത്രനേട്ടത്തിലുമെത്തി. സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 30 പന്തിൽ 75 റൺസെടുത്ത പൂരൻ, രണ്ടാം മത്സരത്തിൽ ഹൈദരാബാദിനെതിരെ 26 പന്തിൽ 70 റൺസ് നേടി ജയത്തിൽ നിർണായകമായി.
ആദ്യ രണ്ട് മത്സരത്തിലും അർധ സെഞ്ച്വറി നേടിയ ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷും ലഖ്നൗ നിരയിൽ മിന്നും ഫോമിലാണ്. ആദ്യ മത്സരത്തിൽ ഡെൽഹിക്കെതിരെ 36 പന്തിൽ 72 റൺസെടുത്ത മാർഷ് രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 190 റൺസ് ചേസ് ചെയ്യുമ്പോൾ നേടിയത് 31 പന്തിൽ 52 റൺസ്. ഓപ്പണർ എയ്ഡൻ മാർക്രമും റിഷഭ് പന്തും കൂടി ഫോമിലേക്കുയർന്നാൽ പഞ്ചാബ് ബൗളർമാർക്ക് ലഖ്നൗ വെല്ലുവിളിയാകും. ഡേവിഡ് മില്ലർ,ആയുഷ് ബദോനി, ഷാർദുൽ താക്കൂർ ലഖ്നൗ മധ്യനിരയും ശക്തർ.
ഐപിഎല്ലിൽ ഷർദുൽ താക്കൂറിൻ്റെ മിന്നും തിരിച്ചുവരവാണ് കഴിഞ്ഞ മത്സരത്തിൽ കണ്ടത്. താരലേലത്തിൽ പിന്തള്ളപ്പെട്ട ഷർദുൽ മൊഹ്സിൻ ഖാന് പരിക്കേറ്റതോടെയാണ് ലഖ്നൗ നിരയിലേക്കെത്തിയത്. ഡൽഹിക്കെതിരെ രണ്ടോവറിൽ 19 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ ഹൈദരാബാദിനെതിരെ കാഴ്ചവച്ചത് കരിയറിലെ മികച്ച പ്രകടനമാണ്. നാലോവറിൽ 34 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു.