ശുഭ്മാൻ ഗിൽ (61), വാഷിങ്ടൺ സുന്ദർ (49), ഷെർഫെയ്ൻ റൂഥർഫോർഡ് (35) എന്നിവരാണ് ബാറ്റിങ്ങിൽ തിളങ്ങിയ ഗുജറാത്ത് താരങ്ങൾ
ഗുജറാത്ത് ടൈറ്റൻസിന്‍റെ വിജയകുതിപ്പിനു തടയിടാനാകാതെ സൺറൈസേഴ്സ് ഹൈദരാബാദ്. ഏഴ് വിക്കറ്റിനാണ് ടൈറ്റൻസിന്റെ ജയം. സൺറൈസേഴ്സ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം 20 പന്തുകൾ ബാക്കി നിൽക്കെയാണ് ഗുജറാത്ത് മറികടന്നത്. നാല് വിക്കറ്റുകൾ വീഴ്ത്തി മുഹമ്മദ് സിറാജ് സൺറൈസേഴ്സിന്റെ ബാറ്റിങ് നിരയെ തകർത്തപ്പോൾ നായകൻ ശുഭ്മാൻ ഗിൽ മുന്നിൽ നിന്നാണ് ഷമിയുടെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ബൗളിങ് നിരയെ അടിച്ചു നിരത്തിത്. ശുഭ്മാൻ ഗിൽ (61), വാഷിങ്ടൺ സുന്ദർ (49), ഷെർഫെയ്ൻ റൂഥർഫോർഡ് (35) എന്നിവരാണ് ബാറ്റിങ്ങിൽ തിളങ്ങിയ ഗുജറാത്ത് താരങ്ങൾ.
Also Read: ഇരുട്ടിൽ വിരിയുന്ന തമോഗോളം, ബുംറ ഈസ് ബാക്ക്; മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ പുത്തനാവേശം!
ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സൺറൈസേഴ്സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറിന്റെ അവസാന പന്തിൽ തന്നെ ട്രാവിസ് ഹെഡ് വീണു. രണ്ട് ഫോറടക്കം എട്ട് റൺസെടുത്ത ഹെഡ്, സായ് സുദർശന് ക്യാച്ച് നൽകുകയായിരുന്നു. അഭിഷേക് ശർമയുടെ മോശം ഫോം ഇന്നും തുടർന്നു. അഞ്ചാം ഓവറിൽ അഭിഷേക് ശർമ (18) മടങ്ങി. മുഹമ്മദ് സിറാജിന്‍റെ നൂറാം ഐപിഎല്‍ വിക്കറ്റായിരുന്നു ഇത്. 31 റണ്‍സെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് സൺ റൈസേഴ്സിന്റെ ടോപ് സ്കോറർ. വാലറ്റത്ത് ആക്രമിച്ചു കളിക്കാൻ പാറ്റ് കമ്മിൻസ് (22) ശ്രമിച്ചുവെങ്കിലും ടീം സ്കോർ ഉയർത്താൻ സാധിച്ചില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഓപ്പണർ സായ് സുദർശന്റെ വിക്കറ്റ് മൂന്നാം ഓവറിൽ തന്നെ നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. അടുത്ത ഓവറിൽ പൂജ്യത്തിൽ ജോസ് ബട്‌ലറും മടങ്ങി. ഗുജറാത്ത് നായകൻ പാറ്റ് കമ്മിൻസിനായിരുന്നു വിക്കറ്റ്. ആക്രമിച്ച് കളിച്ച ഗുജറാത്ത് സ്കിപ്പറിന് വാഷിങ്ടൺ സുന്ദർ ഉറച്ച പിന്തുണയാണ് നൽകിയത്. 29 പന്തിൽ 49 റൺസെടുത്ത സുന്ദർ, ഷമിയുടെ പന്തിൽ അനികേത് വർമയ്ക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. പുറകെ എത്തിയ ഷെർഫെയ്ൻ റൂഥർഫോർഡും (34) ഗില്ലിനൊപ്പം വമ്പൻ അടികളുമായി ക്രീസിൽ നിറഞ്ഞപ്പോൾ അനായാസമായി 153 റൺസെന്ന വിജയലക്ഷ്യം ഗുജറാത്ത് മറികടന്നു. റൂഥർഫോർഡിനൊപ്പം പുറത്താകാതെ നിന്ന ഗില്‍ 43 പന്തില്‍ ഒന്‍പത് ഫോറുള്‍പ്പെടെ 61 റണ്‍സാണ് നേടിയത്. സൺറൈസേഴ്സിനു വേണ്ടി ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.