ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുന്നതിൽ സിപിഐഎമ്മിൻ്റെ ഭാഗത്ത് നിന്ന് ഒരു കുറവുമുണ്ടാകില്ലെന്ന് ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഉറപ്പ് നൽകുന്നു
ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപി സർക്കാരിനെ നിഷ്കാസനം ചെയ്യലാണ് ഒന്നാമത്തെ കാര്യം. കോൺഗ്രസ് കൂടി പങ്കെടുക്കുന്ന സമരത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയൂ. നമുക്ക് മാത്രമായി ബിജെപിയെ തോൽപ്പിക്കാമെന്ന് പ്രമേയം പാസാക്കിയിട്ട് കാര്യമില്ല. ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ കോൺഗ്രസ് പ്രധാന പങ്കുവഹിക്കാനുണ്ട്. എവിടെയൊക്കെ സഹകരിക്കുവാൻ സാധ്യതയുണ്ടോ അവിടെയൊക്കെ കോൺഗ്രസുമായി സഹകരിക്കുമെന്നും, അതിൽ ജാള്യതപ്പെടേണ്ട സമീപനമില്ല. ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുന്നതിൽ സിപിഐഎമ്മിൻ്റെ ഭാഗത്ത് നിന്ന് ഒരു കുറവുമുണ്ടാകില്ലെന്ന് ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഉറപ്പ് നൽകുന്നുവെന്നും എം.എ. ബേബി പറഞ്ഞു.
സംഘപരിവാറിൻ്റെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനാണ് പല ഗവർണർമാരും ശ്രമിക്കുന്നത്. ഇഎംഎസ് ഭരിക്കുമ്പോഴും പിരിച്ചിവിടാൻ റിപ്പോർട്ട് കൊടുത്തതും ഗവർണറായിരുന്നു. തമിഴ്നാട് ഗവർണറോട് മത്സരിക്കുന്നതായിരുന്നു കേരള ഗവർണറും. അപ്പോഴാണ് ശുദ്ധവായുവിൻ്റെ ചെറിയ പ്രവാഹം ഉണ്ടായത്. കോടതികൾ നിസംഗമായി നിൽക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കോടതികൾ അങ്ങനെ നിൽക്കരുത്. കോടതിയുടെ പോരായ്മകളാണ് ഇതുവരെ കേട്ടു കൊണ്ടിരുന്നത്.
ALSO READ: EXCLUSIVE | യുവാക്കളെ നായ്ക്കളെ പോലെ നടത്തിക്കുന്നു; കാസർഗോഡ് ലീ ഗ്രാൻഡ് ബ്രാഞ്ചിലും തൊഴിൽ പീഡനം
എമ്പുരാൻ സിനിമ ആർഎസ്എസ് പ്രതിനിധികൾ അടങ്ങുന്ന സെൻസർ ബോർഡ് അനുമതി നൽകിയതാണ്. എന്നിട്ട് ആർഎസ്എസിൻ്റെ പേശീബലം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. ആ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിർത്തി പോകേണ്ടി വരും. നാളെ കവികൾക്കും സ്റ്റാൻഡ് അപ്പ് കോമേഡിയൻസിനും ഇത് ബാധകമാകും. പ്രതിഷേധത്തെ അമർച്ച ചെയ്യുമെന്ന നവ ഫാസിസ്റ്റ് പ്രവണതയാണ് മോദി സർക്കാരിന്. സിപിഐഎമ്മിൻ്റെ സ്വാധീനം പതിന്മടങ്ങ് വർധിച്ചാലെ ഇതിൽ ഇടപെടാൻ കഴിയൂ. ഇടത്, മതേതര ജനാധിപത്യ ശക്തികളുടെ സ്വാധീനവും വർധിക്കണം. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞവരും കഴിവുകൾ വിനിയോഗിക്കും. അതവരും ഉറപ്പ് നൽകിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം ആഗ്രഹിച്ച തോതിൽ വർധിപ്പിക്കാൻ കഴിഞ്ഞില്ല മുമ്പത്തെ അപേക്ഷിച്ച് വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സിപിഐഎം ആർക്ക് വേണ്ടിയാണോ പ്രവർത്തിക്കുന്നത് അതവർക്ക് വിശദീകരിച്ചു കൊടുക്കാൻ പരാജയപ്പെടുന്നു. അവരെ മനസിലാക്കുന്ന തരത്തിൽ വിശദീകരിച്ചു കൊടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. ജാതീയ, വർഗീയ അണിനിരത്തലുകളിൽ ജനങ്ങൾ കുടുങ്ങി പോകുന്നു. പാർട്ടിയുടെ പ്രവർത്തനത്തിൽ വരുത്തേണ്ട തിരുത്തലുകളുണ്ട്. പാർട്ടി തന്നെ ചോദിക്കുകയും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. കേരളത്തിൽ ദൃഢമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതു കൊണ്ടാണ് തുടർ ഭരണം ഉണ്ടായത്. അതിൻ്റെ തുടർച്ചയുണ്ടാകുമെന്ന് കരുതുന്നവരുണ്ട്. തുടരുമോയെന്ന് പരീക്ഷിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.