നടൻ്റെ പോസ്റ്റിന് താഴെ "നിങ്ങളെ ഞാനെടുത്തോളാം" എന്നായിരുന്നു കോഹ്ലി ആരാധകൻ്റെ ഭീഷണി.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ആർസിബിയുടെ ലെജൻ്റായ വിരാട് കോഹ്‌ലിയെ പുറത്താക്കിയ ബൗളർക്കെതിരെ രോഷം പൂണ്ടെത്തിയതാണ് താരത്തിൻ്റെ ഫാൻസ്. എന്നാൽ കൂട്ടത്തിലൊരു വിദ്വാന് ആളുമാറിയതാണ് സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്ന ഇന്നത്തെ പ്രധാന ചർച്ച.
ആർസിബിയുടെ ആദ്യം ഹോം മാച്ചിന് ശേഷമാണ് ഈ സംഭവം. മത്സരത്തിൽ ഓപ്പണറായെത്തിയ കോഹ്‌ലി ആറ് പന്തിൽ നിന്ന് ഏഴ് റൺസെടുത്ത് നിൽക്കെ അർഷാദ് ഖാൻ്റെ പന്തിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് ഡീപ്പ് ബാക്ക്‌വാർഡ് സ്ക്വയറിൽ ക്യാച്ച് സമ്മാനിച്ച് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്‌ലി ഫാൻസിൽ ചിലർ ബോളിവുഡ് നടൻ അർഷദ് വാർസിയുടെ ഇൻസ്റ്റഗ്രാം പേജിൽ കയറി പൊങ്കാലയിട്ടത്.
അഞ്ച് ദിവസം മുമ്പ് അർഷാദ് വാർസി ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്‌ഗണിനെ കുറിച്ച് എഴുതിയൊരു പോസ്റ്റിന് താഴെയാണ് കോഹ്ലി ഫാൻസ് 'അറ്റാക്കിനായി അസംബിൾ' ചെയ്തത്. ഇതിന് താഴെ "നിങ്ങളെ ഞാനെടുത്തോളാം" എന്നായിരുന്നു കോഹ്ലി ആരാധകൻ്റെ ഭീഷണി.
ഈ കമൻ്റ് വൈറലായതോടെ പോസ്റ്റിന് താഴെ ട്രോളന്മാരും നിരവധി കമൻ്റുകളുമായി അഴിഞ്ഞാട്ടം തുടങ്ങി. "നീ ഞങ്ങടെ കോഹ്ലിയെ എന്തിനാ ഔട്ടാക്കിയേ?", "എടാ സർക്യൂട്ടേ... നീ ഞങ്ങളെ കോഹ്ലീനെ എന്തിനാടാ പുറത്താക്കിയേ" എന്നിങ്ങനെയായിരുന്നു പലരുടേയും ചോദ്യങ്ങൾ. മുന്നാ ഭായി എംബിബിഎസ് എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തിൻ്റെ ഇരട്ടപ്പേരൊക്കെ വിളിച്ചാണ് താരത്തെ പലരും ചൊറിഞ്ഞത്.
ഇതാദ്യമായല്ല കോഹ്ലി ഫാൻസിന് പ്രതിഷേധത്തിനിടയിൽ ആളുമാറി പോകുന്നത്. ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിനിടയിൽ തകർപ്പനൊരു പറക്കും ക്യാച്ചിലൂടെ കോഹ്ലിയെ പുറത്താക്കിയ ഗ്ലെൻ ഫിലിപ്സിനേയും ആരാധകർ നോട്ടമിട്ടിരുന്നു. പക്ഷേ ചീത്തവിളികളും ആക്രോശങ്ങളുമെല്ലാം നേരിട്ടത് ഇലക്ട്രോണിക്സ് ഭീമൻ കമ്പനിയായ ഫിലിപ്സ് ആയിരുന്നുവെന്ന് മാത്രം! എന്നാലും എൻ്റെ കോഹ്ലി ഫാൻസേ നിങ്ങളെ നമിച്ചിരിക്കുന്നു!
ആരാണ് യഥാർഥ വില്ലനായ അർഷാദ് ഖാൻ?
എന്നാൽ കോഹ്ലിയെ പുറത്താക്കിയ അർഷാദ് ഖാൻ ഗുജറാത്ത് ടൈറ്റൻസിൻ്റെ യുവ ഓൾറൗണ്ടറാണ്. ന്യൂ ബോൾ സ്വിംഗ് ബൗളർ, മികച്ച ഫീൽഡർ, പവർ ഹിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ജൂനിയർ ലെവൽ ക്രിക്കറ്റ് താരമായിരുന്ന അർഷാദ് ഖാനെ ആദ്യം കണ്ടെത്തിയത് മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടുകളായിരുന്നു. 2022ലെ ഐപിഎൽ ലേലത്തിൽ 20 ലക്ഷം രൂപയ്ക്ക് മുംബൈ അദ്ദേഹത്തെ വാങ്ങി.
നിർഭാഗ്യവശാൽ പരിക്കിനെ തുടർന്ന് അദ്ദേഹം മത്സരത്തിൽ നിന്ന് പുറത്തായി. 2023 സീസണിൽ അർഷാദിനെ മുംബൈ നിലനിർത്തി. അർഷാദ് ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്.
അടുത്ത സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് അദ്ദേഹത്തെ വാങ്ങി. നാല് മത്സരങ്ങളിൽ ബൗളിങ്ങിൽ കാര്യമായ സംഭാവന നൽകാനായില്ലെങ്കിലും ഡൽഹി ക്യാപിറ്റൽസിനെതിരെ 33 പന്തിൽ 58 റൺസ് നേടി ബാറ്റിങ്ങിലെ മികവ് തെളിയിച്ചു. 2025ലെ ഐപിഎൽ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് അദ്ദേഹത്തെ 1.3 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.