ജേണലിസ്റ്റ് വിസയില്‍ ഇറാനിലെത്തിയ സെസിലിയ രാജ്യത്തെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തെപ്പറ്റിയും സിറിയയിലെ അട്ടിമറിയെക്കുറിച്ചും നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു
ഇറ്റാലിയൻ മാധ്യമപ്രവർത്തക സെസിലിയ സാലയെ മോചിപ്പിച്ച് ഇറാൻ. സെസിലിയ മാതൃരാജ്യത്തേക്കുള്ള ഫ്ലൈറ്റിൽ കയറിയാതായാണ് പുറത്തുവരുന്ന വിവരം. ഡിസംബർ 19നാണ് 29 വയസുകാരിയായ മാധ്യമപ്രവർത്തകയെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തത്. ഇവർ ഏകാന്തതടവിലാണെന്ന വിവരം ഇറ്റാലിയൻ വിദേശകാര്യമന്ത്രാലയമാണ് പുറത്തുവിട്ടത്.
ജേണലിസ്റ്റ് വിസയില്‍ ഇറാനിലെത്തിയ സെസിലിയ രാജ്യത്തെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തെപ്പറ്റിയും സിറിയയിലെ അട്ടിമറിയെക്കുറിച്ചും നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. യുഎസ് സൈനികരുടെ മരണത്തിന് കാരണമായ ഡ്രോൺ സാങ്കേതികവിദ്യ എത്തിച്ചു നൽകിയെന്ന സംശയത്തിന്റെ പേരിൽ ഒരു ഇറാനിയൻ എഞ്ചിനീയറെ ഇറ്റാലിയൻ അധികൃതർ മിലാനിൽ വെച്ച് കസ്റ്റഡിയിലെടുത്ത് ദിവസങ്ങൾക്ക് ശേഷമായിരുന്നു സെസിലിയുടെ അറസ്റ്റ്. എന്നാല്‍ ഈ വിവരം ഡിസംബർ 27ന് മാത്രമാണ് പുറത്തുവിട്ടത്. ഡിസംബർ 20ന് തിരിച്ചു പോകാനിരിക്കെയായിരുന്നു തെഹ്റാൻ പൊലീസിൻ്റെ നടപടി.
സെസിലിയയുടെ മോചനത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ല, എന്നിരുന്നാലും 'നയതന്ത്ര, രഹസ്യാന്വേഷണ മാർഗങ്ങളിലൂടെയുള്ള തീവ്രമായ പ്രവർത്തനം' ആണ് മോചനം സാധ്യമാക്കിയതെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു. സെസിലിയയുടെ തിരിച്ചുവരവ് സാധ്യമാക്കുന്നതിൽ സഹകരിച്ചവർക്ക് ജോർജിയ മെലോണി നന്ദിയും അറിയിച്ചു.
തെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണ് സെസിലിയയെ തടവിൽ പാർപ്പിച്ചിരുന്നത്. സുരക്ഷാ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരെ തടവില്‍വെയ്ക്കുന്ന ജയിലാണിത്. 'ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക്' 2018 ൽ യുഎസ് സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ തടങ്കല്‍ പാളയമാണിത്.
ഇൻസ്റ്റഗ്രാമിൽ ഏകദേശം അര ദശലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള സാല ഇറ്റാലിയൻ ടോക് ഷോകളിലെ സ്ഥിരം അതിഥിയാണ്. കാബൂളിന്റെ പതനവും അഫ്ഗാനിസ്ഥാനിലെ താലിബാന്റെ തിരിച്ചുവരവും, വെനിസ്വേലയിലെ പ്രതിസന്ധി, യുക്രെയ്‌നിലെ യുദ്ധം, ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തുടങ്ങിയ വിഷയങ്ങളില്‍ ഇവർ റിപ്പോർട്ടിങ്ങ് നടത്തിയിട്ടുണ്ട്.