ഇറാനിയൻ സമൂഹത്തിലെ വലിയൊരു വിഭാഗം തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ മാറി നിന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
ഒരാഴ്ചയ്ക്കുള്ളിൽ റൺഓഫ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ഇറാൻ. ആദ്യ ഘട്ടത്തില്‍, പരിഷ്കരണവാദിയായ നിയമനിർമാതാവ് മസൂദ് പെസെഷ്കിയാൻ ആണവ നയന്ത്രജ്ഞനായ സയീദ് ജലീലിയേക്കാൾ നേരിയ ലീഡ് നേടി. എങ്കിലും 50 ശതമാനത്തില്‍ കൂടുതൽ വോട്ടുകൾ നേടുന്നതിൽ പരാജയപ്പെട്ടു. അതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റൺഓഫിലേക്ക് നീങ്ങിയത്.
പോളിങ് 40 ശതമാനത്തിലും താഴെയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഏറ്റവും താഴ്ന്ന പോളിംഗ് ശതമാനമാണിത്.
വോട്ടുചെയ്ത് ഇസ്ലാമിക ഭരണകൂടത്തോടുള്ള പ്രതിബദ്ധത കാണിക്കാൻ ഇറാനികളോട് ആവർത്തിച്ച് ആവശ്യപ്പെട്ട ഭരണകൂടത്തിനേറ്റ തിരിച്ചടിയാണ് വോട്ടിങ് ശതമാനത്തിലെ കുറവ്. 2001 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ 24.9 ദശലക്ഷം വോട്ടുകളോടെ 48.8 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍.
വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ പെസെഷ്കിയാൻ, ജലീലിയുടെ തൊട്ടുപിന്നിലായിരുന്നു. പക്ഷേ പിന്നീട് ജലീലിയെ മറികടന്ന് ലീഡ് നേടുകയായിരുന്നു. റൺഓഫില്‍ പെസെഷ്കിയനും ജലീലിക്കും ഇടയില്‍ പ്രത്യയശാസ്ത്രപരമായ മത്സരമായിരിക്കും നടക്കുക.
ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ മരണത്തെ തുടർന്നാണ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2021-ൽ റെയ്സിക്ക് 18 ദശലക്ഷം വോട്ടുകളാണ് ലഭിച്ചിരുന്നത്. 2024-ൽ രേഖപ്പെടുത്തിയ മൊത്തം വോട്ടുകളേക്കാൾ 6 ദശലക്ഷം കുറവായിരുന്നു ഇത്. വിശദമായ താരതമ്യങ്ങൾ കാണിക്കുന്നത് 2021ലും ടെഹ്റാൻ, കോം ഒഴികെയുള്ള മിക്കവാറും എല്ലാ പ്രവിശ്യകളിലും പോളിങ് കുറവായിരുന്നുവെന്നാണ്.
ഇറാനിയൻ സമൂഹത്തിലെ വലിയൊരു വിഭാഗം തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ മാറി നിന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു പരിഷ്കരണവാദിയെ സ്ഥാനാർഥിയായി നിൽക്കാൻ അനുവദിച്ചത് ഭരണകൂടത്തിന്‍റെ ഇളവായി കണക്കാക്കപ്പെടുമ്പോഴും വോട്ടർമാരെ തെരഞ്ഞെടുപ്പിലേക്ക് ആകർഷിക്കാൻ കൂടുതൽ മത്സരാധിഷ്ഠിതമായ പോരാട്ടം ആവശ്യമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.