ഡ്രോണ്‍ കണ്ടതോടെ വടിയെടുത്ത് എറിയുന്നതും ദൃശ്യത്തില്‍ കാണാം.
ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ 'അവസാന നിമിഷങ്ങള്‍' പുറത്തുവിട്ട് ഇസ്രയേല്‍. കഴിഞ്ഞ ദിവസമാണ് യഹ്യ സിന്‍വാറിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടത്. ഇതിനു പിന്നാലെയാണ് ദൃശ്യങ്ങളും പുറത്തുവന്നത്. 'ഹമാസ് നേതാവിന്റെ അവസാന നിമിഷങ്ങള്‍' എന്ന പേരിലാണ് ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടത്.
തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ പൊടിയില്‍ മൂടി സോഫയില്‍ ഇരിക്കുന്ന ഒരാളാണ് ദൃശ്യത്തിലുള്ളത്. ശരീരം മുഴുവന്‍ മൂടിയ നിലയിലുള്ള ആള്‍ ഡ്രോണ്‍ കണ്ടതോടെ വടിയെടുത്ത് എറിയുന്നതും ദൃശ്യത്തില്‍ കാണാം.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാളാണ് യഹ്യ സിന്‍വാര്‍. ഹമാസിന്റെ ഇന്റലിജന്‍സ് വിഭാഗം തലവനായിരുന്നു സിന്‍വാര്‍. കൊലപാതകം, അട്ടിമറി എന്നീ കുറ്റങ്ങള്‍ക്ക് 23 വര്‍ഷം തടവു ശിക്ഷ അനുഭവിച്ചിരുന്നു. 100 ശതമാനം പ്രതിബദ്ധതയും 100 ശതമാനം അക്രമാസക്തനുമായ മനുഷ്യനെന്നാണ് സിന്‍വാറിനെ ഇസ്രയേല്‍ വിശേഷിപ്പിച്ചത്.
ALSO READ: ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടു?; സാധ്യതകൾ പരിശോധിക്കുന്നുവെന്ന് ഇസ്രയേൽ
ദൃശ്യങ്ങളില്‍ വലത് കൈക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സിന്‍വാര്‍ ഉള്ളത്. പൊളിഞ്ഞ കെട്ടിടത്തിനുള്ളില്‍ ഹമാസ് നേതാവ് ഉണ്ടെന്നത് അറിയാതെയാണ് ഫൂട്ടേജ് റെക്കോര്‍ഡ് ചെയ്തതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗറി അറിയിച്ചു. കെട്ടിടത്തിനുള്ളില്‍ ഹമാസ് പോരാളികള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഷെല്ലാക്രമണം നടത്തി. തുടര്‍ന്ന് ഡ്രോണ്‍ അകത്തു കയറി പരിശോധിച്ചപ്പോഴാണ് പൊടിയില്‍ കുളിച്ച് സോഫയില്‍ ഒരാള്‍ ഇരിക്കുന്നതായി കണ്ടത്.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സൈന്യം യഹ്യയെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലിന്റെ വിശദീരണം. കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് പേര്‍ വെടിയുതിര്‍ത്തു. ഇതിനിടയില്‍ സിന്‍വാര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് ഇസ്രയേല്‍ പറയുന്നു.
അതേസമയം, യഹ്യയെ കൊലപ്പെടുത്തിയെന്ന ഇസ്രയേല്‍ വാദത്തില്‍ ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.