അൽ മവാസിയിലെ റെഡ് ക്രോസ് ഏജൻസിക്കടുത്തുള്ള ടെൻ്റുകളിൽ താമസിക്കുന്ന അഭയാർത്ഥികളെ ലക്ഷ്യം വെച്ചായിരുന്നു ഷെല്ലാക്രമണവും വെടിവെപ്പുമെന്ന് മന്ത്രാലയം അറിയിച്ചു.
പലസ്തീനിൽ സുരക്ഷാമേഖലയുൾപ്പെട്ട പടിഞ്ഞാറന്‍ റഫയ്ക്കടുത്ത് അല്‍ മവാസിയിൽ അന്താരാഷ്ട്ര റെഡ്ക്രോസ് ഏജൻസി ഓഫീസിന് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ, ഓഫീസിലുണ്ടായിരുന്ന 22ലധികം പേർ കൊല്ലപ്പെട്ടതായി ഏജൻസി. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും, 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറ് കണക്കിന് ആളുകൾ ടെൻ്റുകൾ കെട്ടി താമസിക്കുന്നതിനിടയിലാണ് ഏജൻസി ഓഫീസ്. അഭയാർത്ഥികളെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഷെല്ലാക്രമണവും വെടിവെപ്പും. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആളുകളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ വാർത്താ ഏജൻസിയായ എപിയോട് പ്രതികരിച്ചു.
അഭയാർഥികള്‍ക്ക് കുടിയേറാമെന്ന് ഇസ്രയേല്‍ തന്നെ നിർദേശിച്ചിട്ടുള്ള സുരക്ഷാ മേഖലയടങ്ങുന്ന പ്രദേശമാണ് അല്‍ മവാസി. കുടിവെള്ള പ്രശ്നവും, മലിനജല സംസ്കരണവും രൂക്ഷമായുള്ള അൽ മവാസിയുടെ പരിസര പ്രദേശങ്ങളിൽ ഇസ്രയേൽ മുൻപും ബോംബാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
അതേ സമയം, സുരക്ഷാമേഖലയായ അൽ മവാസിയിൽ ആക്രമണം നടന്നതായി സ്ഥിരീകരണമില്ലെന്നാണ് ഇസ്രയേല്‍ സെെന്യത്തിന്റെ പ്രാഥമിക റിപ്പോർട്ട്. സംഭവത്തില്‍ വിശദാന്വേഷണം നടത്തുമെന്നും ഇസ്രയേല്‍ പ്രതികരിച്ചു. എന്നാൽ, ആക്രമണത്തിനുപയോഗിച്ചത് ഇസ്രയേലിന്‍റെ ആയുധങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കനുസരിച്ച്, ഇതുവരെ ഏകദേശം 37400 ഓളം പലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകളുടെ ശവശരീരങ്ങൾ പലയിടത്തായി കുടുങ്ങി കിടക്കുന്നു. രണ്ട് മില്യൺ ആളുകൾക്ക് വീട് നഷ്ടപ്പെടുകയും, അഗതികളാകുകയും ചെയ്തു.