സമര പ്രവർത്തകർ വാഹനങ്ങൾ വഴി തടഞ്ഞതിനെ തുടർന്നാണ് നടപടിയെടുത്തത്
അതിരപ്പിള്ളിയിലെ ജനകീയ ഹർത്താലിൽ പങ്കെടുത്ത സമരസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ട് ദിവസങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേരാണ് അതിരപ്പിള്ളിയിൽ കൊല്ലപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ സംഘടിപ്പിച്ചത്.
സമര പ്രവർത്തകർ വാഹനങ്ങൾ വഴി തടഞ്ഞതിനെ തുടർന്നാണ് നടപടിയെടുത്തത്. അതിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. റിജേഷ് അടക്കം 20ലധികം ആളുകളെയാണ് അറസ്റ്റ് ചെയ്തത്. വിനോദ സഞ്ചാരികളെ സമരാനുകൂലികൾ തടയുമെന്ന് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും, പൊലീസ് ഇടപെട്ട് വിനോദസഞ്ചാരികളെ കടത്തിവിട്ടിരുന്നു. പ്രദേശത്തെ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ട് ജനങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
ALSO READ: കൊല്ലം പൂര വിവാദം: ഹെഡ്ഗേവാർ ചിത്രം ഉയർത്തിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി
ഇന്നലെ രാവിലെയോടെയാണ് വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരെ കാട്ടാന ആക്രമണത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വനവിഭവങ്ങൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു ഇന്നലെ നാല് പേരടങ്ങുന്ന സംഘം വനത്തിലേക്ക് പോയത്.കാട്ടാന പാഞ്ഞടുത്തപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
എല്ലാവരും രക്ഷപ്പെട്ടുവെന്നാണ് കരുതിയത് എന്ന് ആക്രമണത്തിന് ഇരയായ രവി പറഞ്ഞു. രാവിലെ ഭാര്യ അടക്കം കൂടെ ഉണ്ടായവർ മടങ്ങി വരാത്തതിനെ തുടർന്ന നടത്തിയ തെരച്ചിലിൽ രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യനും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തേൻ എടുക്കാൻ ഉന്നതിക്ക് സമീപമുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.