ഒഡീഷ സർക്കാരിൻ്റെ തീരുമാന പ്രകാരമാണ് നടപടി
ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതിയെ വിട്ടയച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതി മഹേന്ദ്ര ഹെംബ്രാമിനെയാണ് വിട്ടയച്ചത്. 'തടവുകാലത്തെ നല്ല പെരുമാറ്റത്തിന്റെ' അടിസ്ഥാനത്തിലാണ് 25 വർഷത്തിന് ശേഷം ഇയാൾ ജയിൽ മോചിതനായത്. ഒഡീഷയിലെ കിയോഞ്ജർ ജയിലിലായിരുന്നു മഹേന്ദ്ര ഹെംബ്രാം തടവില്‍ കഴിഞ്ഞിരുന്നത്. ഒഡീഷ സർക്കാരിൻ്റെ തീരുമാന പ്രകാരമാണ് നടപടി. പുറത്തിറങ്ങിയ ഇയാളെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ മാലയിട്ടു സ്വീകരിച്ചു.
1999 ജനുവരി 22നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. മതപരിവർത്തനം ആരോപിച്ചാണ് കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയിൽ പ്രവർത്തിച്ചിരുന്ന സ്റ്റെയ്‌ന്‍സിനെ കൊലപ്പെടുത്തിയത്. പത്ത് വയസുകാരനായ ഫിലിപ്പ്, ആറ് വയസുള്ള തിമോത്തി എന്നീ രണ്ട് ആൺമക്കളോടൊപ്പം വാഹനത്തിൽ കിടന്നുറങ്ങുമ്പോൾ വാഹനത്തിന് തീവെച്ചാണ് മൂവരെയും കൊലപ്പെടുത്തിയത്.
ALSO READ: ലഹരി പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ; ചോദ്യം ചെയ്യാൻ ഡാൻസാഫ്
കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് മഹേന്ദ്ര ഹെംബ്രാം പറഞ്ഞത്. എന്നാൽ ദാരാ സിംഗ് എന്നറിയപ്പെടുന്ന രബീന്ദ്ര പാൽ സിംഗും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 1999 ഡിസംബർ 9 ന് ഹെംബ്രാമും 2000 ജനുവരി 31 ന് രബീന്ദ്ര പാൽ സിംഗും ഒരു കാട്ടിൽ വെച്ചാണ് അറസ്റ്റിലായത്. 2003ല്‍ സിബിഐ കോടതി ധാരാ സിങിന് വധശിക്ഷയും മഹേന്ദ്ര ഹെംബ്രാമിന് ജീവപര്യന്തം തടവും വിധിച്ചു. ഈ വിധി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയും ചെയ്തു.
അതേസമയം, ധാരാ സിംഗിന് വധശിക്ഷയില്‍ ഇളവ് നല്‍കിയിരുന്നു. ഇയാളെ ജയിലില്‍ നിന്നും വിട്ടയയ്ക്കുന്ന കാര്യത്തില്‍ ആറ് ആഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. മാര്‍ച്ച് ഒമ്പതിനാണ് ഒഡീഷ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ സിംഗിന്റെ മോചനം സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.