ജാർഖണ്ഡിലെ ആദിവാസി സ്ത്രീകളെ വിവാഹം കഴിക്കാനായി ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിം യുവാക്കളെത്തുന്നു എന്നാണ് സമീപകാല സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടി ബിജെപിയുടെ പ്രധാന ആരോപണം
നവംബർ 13, 20 തീയതികളിലാണ് ജാർഖണ്ഡിലെ 81 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹേമന്ദ് സോറൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയാണ് നിലവിൽ സംസ്ഥാനത്ത് ഭരണത്തിൽ തുടരുന്നതെങ്കിലും അവരെ താഴെയിറക്കാനുള്ള ഭഗീരഥ ശ്രമങ്ങളിലാണ് ബിജെപി. സംസ്ഥാനത്തെ 67.83% ഹിന്ദു വോട്ടുകൾ മുന്നിൽക്കണ്ടാണ് ബിജെപി പ്രചരണതന്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റ വാദമാണ്.
ബംഗ്ലാദേശുമായി അന്താരാഷ്ട്ര അതിർത്തികൾ പങ്കിടുന്ന അസം, പശ്ചിമ ബംഗാൾ, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ ബിജെപി ഉയർത്തിക്കാട്ടാറുള്ള ഏറ്റവും സർവസാധാരണമായ തെരഞ്ഞെടുപ്പ് വിഷയമാണ് ഈ നുഴഞ്ഞുകയറ്റ ആരോപണം. ബംഗ്ലാദേശുമായുള്ള പൊതുവായ അതിർത്തിയല്ലെങ്കിലും വടക്കു-കിഴക്കൻ ബിഹാറിലെ സീമാഞ്ചൽ മേഖലയിലെ നുഴഞ്ഞുകയറ്റവും ബിജെപി ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കാറുണ്ട്.
ജാർഖണ്ഡിലെ ആദിവാസി സ്ത്രീകളെ വിവാഹം കഴിക്കാനായി ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിം യുവാക്കളെത്തുന്നു എന്നാണ് സമീപകാല സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടി ബിജെപിയുടെ പ്രധാന ആരോപണം. ജാർഖണ്ഡിലെ ആകെ വോട്ടർമാരുടെ 41 ശതമാനം വരുന്ന മുസ്ലിം (14.53%), പട്ടിക വകുപ്പ് (26.21%) എന്നീ ജനവിഭാഗങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താനാണ് ബിജെപി ശ്രമിക്കുന്നത്.
എന്നാൽ, കേന്ദ്ര ഭരണം കയ്യാളുന്ന ബിജെപിയാണോ, ഒരു സംസ്ഥാനം ഭരിക്കുന്ന സർക്കാരാണോ അന്താരാഷ്ട്ര അതിർത്തിയിലെ നുഴഞ്ഞുകയറ്റങ്ങളെ ചെറുക്കേണ്ടതെന്ന വാദമാണ് ജാർഖണ്ഡ് മുക്തി മോർച്ച ഉൾപ്പെടെയുള്ള ഭരണപക്ഷം ഉയർത്തുന്നത്. നവംബർ മൂന്നിന് ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചരണമാരംഭിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നുഴഞ്ഞുകയറ്റക്കാരെ മുഴുവൻ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് എക സിവിൽ കോഡ് നടപ്പാക്കുമെന്നും ആദിവാസികളെ ഇതിൻ്റെ പരിധിയിൽ നിന്നൊഴിവാക്കുമെന്നും അമിത് ഷാ റാലികളിൽ പ്രഖ്യാപിച്ചു.
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരുമാണ് ഞങ്ങളെ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റമെന്ന് പറഞ്ഞ് ഇപ്പോൾ വിമർശിക്കാൻ വരുന്നതെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മറുപടി നൽകി. ജാർഖണ്ഡിൽ ഏക സിവിൽ കോഡും പൗരത്വ നിയമ ഭേദഗതിയും നടപ്പിലാക്കില്ലെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി. അതേസമയം, പട്ടിക വർഗ ജനതയുടെ ഭൂമി സംരക്ഷിക്കാനായി ഛോട്ടാ നാഗ്പൂർ ടെനൻസി നിയമവും സാന്താൾ പർഗനാസ് ടെനൻസി നിയമവും സംസ്ഥാനത്ത് ഉറപ്പായും നടപ്പിലാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമയെ ആണ് ബിജെപി ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. അസമിൽ നുഴഞ്ഞുകയറ്റ പ്രശ്നങ്ങൾ കാര്യമായി ഉയർത്തിക്കാട്ടിയതിൽ കാണിച്ച മികവ് പരിഗണിച്ചാണ് ഈ പ്രത്യേക നിയമനം. എന്നാൽ, സാന്താൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് വരുന്ന ആദിവാസി വിഭാഗങ്ങളുടെ പ്രശ്നം ഉയർത്തിക്കാട്ടുന്നതിൽ ഹിമന്ത ബിശ്വ ശർമ പരാജയപ്പെട്ടു. ഇന്ന് ജാർഖണ്ഡ് എന്നറിയപ്പെടുന്ന മേഖലയിൽ നിന്ന് ബ്രിട്ടീഷുകാരാണ് ആദിവാസികളെ കുടിയിറക്കിയത്. അവരിൽ ഭൂരിഭാഗത്തിൻ്റേയും ജീവിതസാഹചര്യങ്ങൾ ദുരിതപൂർണമായി തുടരുകയാണ്. 150 വർഷങ്ങൾക്കിപ്പുറവും അവർക്ക് അവിട പട്ടികവർഗ പദവി പോലും ലഭിച്ചിട്ടില്ല.
അസമിലെ ആദിവാസികളും പട്ടിക വർഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളും പരിഹരിക്കപ്പെടാതെ തുടരുകയാണ്. ബോഡോ-സാന്താൾ സംഘർഷങ്ങൾ രക്തരൂക്ഷിതമായി തുടരുകയാണ്. ഇവയെല്ലാം പരിഹരിക്കപ്പെടാതെ തുടരുമ്പോഴാണ് ശർമയും മറ്റു ബിജെപി നേതാക്കളും ബംഗ്ലാദേശികളുടെ നേതൃത്വത്തിൽ രാജ്യത്ത് "ലാൻഡ് ജിഹാദ്", "ലൗ ജിഹാദ്" നടക്കുന്നുണ്ടെന്ന ആരോപണങ്ങളുയർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
അഞ്ച് പതിറ്റാണ്ടുകളായി ജാർഖണ്ഡിലെ ആദിവാസികളും പുറമെ നിന്നുള്ളവരും തമ്മിലുള്ള സംഘർഷങ്ങളാണ് ജാർഖണ്ഡ് മുക്തി മോർച്ചയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. നിലവിലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ പിതാവ് ഷിബു സോറൻ്റെ നേതൃത്വത്തിലായിരുന്നു ജെഎംഎം രൂപീകൃതമായത്. ബിഹാർ, യുപി, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കെതിരെയും വട്ടിപലിശക്കാർക്കെതിരെയും നിലവിൽ വന്ന പ്രസ്ഥാനമാണിത്.
ഉയർന്ന ജാതികളിലേയും വാണിജ്യ ഗ്രൂപ്പുകളിലേയും നുഴഞ്ഞുകയറ്റക്കാരെ 'ദിക്കൂസ്' (outsiders) എന്നാണ് ആദിവാസി വിഭാഗങ്ങൾ അഭിസംബോധന ചെയ്തിരുന്നത്. പട്ടിക വർഗ ജനത താമസിച്ചിരുന്ന പരമ്പരാഗത ധാതുക്കളാൽ സമ്പന്നമായിരുന്ന ഇടങ്ങളിലേക്ക് ചൂഷണ മനോഭാവത്തോടെ സമീപിച്ചവരെയാണ് ആദിവാസികൾ തുറന്നെതിർക്കുന്നത്.
അതേസമയം, ഹിമന്ത ബിശ്വ ശർമയുടെ വർഗീയ പ്രസംഗങ്ങൾക്കെതിരെ നവംബർ 2ന് ഇന്ത്യ മുന്നണി (ജെഎംഎം, കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, സിപിഐ എംഎൽ) തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു. സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് സാധ്യതകൾ വർധിപ്പിക്കാൻ ജാർഖണ്ഡ് സർക്കാർ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ക്ഷണിച്ചതായി അസം മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്നും അവർ ആരോപിച്ചു. പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ ഉടൻ കോടതിയെ സമീപിക്കുമെന്നും ഇന്ത്യാ മുന്നണി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ALSO READ: 'ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ 2.87 ലക്ഷം പേർക്ക് തൊഴിൽ'; വാഗ്‌ദാനവുമായി ചംപയ് സോറന്‍