200ലധികം പേർക്ക് അസാധാരണ മുടികൊഴിച്ചിൽ ഉണ്ടായതിന് പിന്നാലെയാണ് നഖം കൊഴിയുന്ന അസുഖം റിപ്പോർട്ട് ചെയ്തത്
മഹാരാഷ്ട്രയിലെ ഗ്രാമത്തിൽ അസാധാരണ മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിയുന്ന വിചിത്ര രോഗവും പടരുന്നതായി റിപ്പോർട്ട്. മുടിക്കൊഴിച്ചിലുണ്ടായ ബുൽധാനയിൽ തന്നെയാണ് നഖം കൊഴിച്ചിലും റിപ്പോർട്ട് ചെയ്തത്. നാല് ഗ്രാമങ്ങളിലായി 29 പേരുടെ നഖം കൊഴിയുന്നുണ്ട്. 200ലധികം പേർക്ക് അസാധാരണ മുടികൊഴിച്ചിൽ ഉണ്ടായതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ. സംഭവത്തിൽ വിശദമായ പഠനം നടത്താൻ ഒരുങ്ങുകയാണ് ആരോഗ്യ വിദഗ്ധർ.
ബുൽധാനയിലെ ഷെഗാവിൽ നാല് ഗ്രാമങ്ങളിലായി 29 പേരുടെ നഖങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൊഴിഞ്ഞുപോകുകയും ചെയ്യുന്നുവെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അസുഖ ബാധിതരെ പ്രാഥമിക പരിശോധനയ്ക്കായി ഷെഗാവിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ബുൽധാന ഹെൽത്ത് ഓഫീസർ ഡോ. അനിൽ ബങ്കർ മാധ്യമങ്ങളോട് പറഞ്ഞു. താലൂക്കിലെ വിവിധ ജില്ലകളിൽ 200ലധികം പേർക്ക് അസാധാരണ മുടികൊഴിച്ചിൽ ഉണ്ടായതിന് പിന്നാലെയാണ് അതേ ആളുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നടത്തിയ പഠനത്തിൽ ഗ്രാമത്തിൽ കൃഷി ചെയ്യുന്ന ഗോതമ്പിൽ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ALSO READ: മാംസാഹാരികളെ 'വൃത്തികെട്ടവർ' എന്ന് വിളിച്ചു; മുംബൈ അപ്പാർട്ട്മെൻ്റിൽ സംഘർഷം
ആദ്യ രണ്ട് ദിവസങ്ങളിൽ നഖങ്ങൾ പൊട്ടും, പിന്നീട് കൊഴിയുകയുമാണെന്ന് ഗ്രാമവാസികൾ പറയുന്നു. ഈ വിവരം ജില്ലാ ഓഫീസർ, ജില്ലാ ആരോഗ്യ ഓഫീസർ, ആയുഷ് മന്ത്രി പ്രതാപ് റാവു ജാദവ് എന്നിവരെ അറിയിച്ചുവെന്ന് ഗ്രാമത്തലവൻ റാം തർക്കർ പറഞ്ഞു. ആരോഗ്യ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഗ്രാമങ്ങൾ സന്ദർശിച്ച് ഇക്കാര്യം അന്വേഷിച്ചതായും അദ്ദേഹം പറഞ്ഞു.
പരിശോധനയ്ക്കായി രക്തസാമ്പിളുകൾ എടുത്തിട്ടുണ്ട്. നഖങ്ങൾ കൊഴിഞ്ഞ് പോകുന്നതിൻ്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഉയർന്ന സെലിനിയത്തിൻ്റെ സാന്നിധ്യവുമായി ഇതിന് ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രാഥമിക നിഗമനം. മണ്ണിലും വെള്ളത്തിലും ചില ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഒരു ധാതുവാണ് സെലിനിയം. അസാധാരണായ മുടികൊഴിച്ചിലിന് പിന്നാലെ നഖങ്ങൾക്ക് കൂടി കേടുപാടുകൾ സംഭവിക്കാൻ തുടങ്ങിയതോടെ ആശങ്കയിലാണ് ഗ്രാമവാസികൾ.