fbwpx
'അച്ചോ... അച്ചന്റെ പൂവ്'; ജോസഫ് മാര്‍ ഗ്രിഗോറിയോസും ചാമരത്തിലെ നെടുമുടിയും
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Mar, 2025 06:02 PM

'ഇതാ അച്ചന്റെ പൂവ്' എന്ന് പറഞ്ഞ് കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങി. ദിവസം കഴിയുംതോറും പൂവ്‍ തരുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു

KERALA



തൂവെള്ള ളോഹയും അരയില്‍ കറുത്ത ബെല്‍റ്റും തലയില്‍ കറുത്ത തൊപ്പിയും അണിഞ്ഞൊരു പുരോഹിതന്‍ ബിരുദം പഠിക്കാനെത്തുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊക്കെ കൗതുകമായിരുന്നു ആ വിദ്യാര്‍ഥി. ഒരു ദിവസം കാമ്പസിലെത്തിയപ്പോള്‍, കുട്ടികളില്‍ ചിലര്‍ പൂവെടുത്ത് നീട്ടി, 'ഇതാ അച്ചന്റെ പൂവ്' എന്ന് പറഞ്ഞ് ചിരിക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ കഴിയുംതോറും പൂവ് തരുന്നവരുടെ എണ്ണം കൂടിക്കൂടിവന്നു. ഇതെന്താ ഇങ്ങനെയെന്ന് ചിന്തിച്ച് കുഴഞ്ഞ അച്ചനോട് സഹപാഠികളിലൊരാള്‍ കാരണം വിശദീകരിച്ചുകൊടുത്തു. അതോടെ, അച്ചന്റെ ചുണ്ടിലും ചിരി പടര്‍ന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഓര്‍ത്ത് ചിരിക്കാന്‍ ലഭിച്ച സ്നേഹസമ്മാനമായി മാറി. യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേൽക്കുന്ന ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിന്റെ മഹാരാജാസ് പഠനകാലത്തെ രസകരമായ ഓര്‍മയാണിത്.



1980-83 കാലത്താണ് ജോസഫ് മാർ ഗ്രിഗോറിയോസ് മഹാരാജാസില്‍ ഇക്കണോമിക്സ് ബിരുദ പഠനത്തിനെത്തുന്നത്. അക്കാലത്താണ് ബാലകൃഷ്ണന്‍ മങ്ങാടിന്റെ കഥയ്ക്ക് ജോണ്‍ പോള്‍ എഴുതിയ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചാമരം എന്ന സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കോളേജില്‍ പഠിക്കാനെത്തുന്ന പുരോഹിതനായി നെടുമുടി വേണുവുണ്ട്. സൈക്കിളിലിലാണ് നെടുമുടിയുടെ അച്ചന്‍ കാമ്പസിലേക്കെത്തുന്നത്. ഒരു സീനില്‍, കാമ്പസിലേക്ക് എത്തുന്ന നെടുമുടിക്ക് അവിടെ മുറ്റം അടിച്ചുവാരുന്ന സ്ത്രീ സ്തുതി കൊടുക്കുന്നു. മടക്കസ്തുതി കൊടുത്ത് അവിടെ നിന്ന് നടന്നുനീങ്ങുമ്പോള്‍, വിദ്യാര്‍ഥിനികളിലൊരാള്‍ നെടുമുടിക്ക് ഒരു റോസാപൂവ് നല്‍കുന്നു. അത് വാങ്ങി മണുത്തശേഷം, നെടുമുടി താങ്ക് യൂ പറയുമ്പോള്‍ വിദ്യാര്‍ഥിനികളെല്ലാം ചിരിക്കുന്നു. സൈക്കിളും തള്ളി നടക്കുന്ന നെടുമുടി പതുക്കെ പൂവ് താഴേക്കിടുന്നു. മുറ്റമടിക്കാനെത്തിയ സ്ത്രീ അതെടുത്ത് 'അച്ചോ അച്ചന്റെ പൂവ്...' എന്ന് പറയുമ്പോള്‍ നടന്നുനീങ്ങിയ നെടുമുടി തിരിഞ്ഞുനിന്ന്, മനസില്ലാമനസോടെ അത് വാങ്ങുന്നു. ഇതെല്ലാം കണ്ട് വിദ്യാര്‍ഥിനികള്‍ ചിരിക്കുന്നതിനിടെ നെടുമുടി നടന്നുപോകുന്നു.



ഈ സീനാണ് ജോസഫ് മാർ ഗ്രിഗോറിയോസിനു മുന്നില്‍ മഹാരാജാസിലെ വിദ്യാര്‍ഥികള്‍ അനുകരിച്ചത്. സിനിമ റിലീസായതിനു പിന്നാലെ, കാമ്പസിലെത്തുന്ന അച്ചനു നേരെ പൂവെടുത്ത് നീട്ടി, 'ഇതാ അച്ചന്റെ പൂവ്' എന്ന് പറഞ്ഞ് കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങി. ദിവസം കഴിയുംതോറും പൂവ്‍ തരുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. പൗരോഹിത്യം സ്വീകരിച്ചശേഷം സിനിമ കാണാറില്ലാതിരുന്നതിനാല്‍, അച്ചന് കാര്യം മനസിലായില്ല. സഹപാഠികളിലൊരാള്‍ സിനിമ കണ്ടശേഷം വിവരിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. നര്‍മ്മത്തിനായി, കുട്ടികള്‍ ആ രംഗം അനുകരിക്കുകയായിരുന്നു. അങ്ങനെ ആ സിനിമ കാണണമെന്ന് അച്ചനും ആഗ്രഹം തോന്നി. മേനകയില്‍ പോയി സിനിമ കണ്ടു. പുരോഹിത വേഷത്തിലായിരുന്നതിനാല്‍, സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ചിലര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു, 'അച്ചോ ഇതാ അച്ചന്റെ പൂവ്'. 'ഓര്‍ത്ത് ചിരിക്കാന്‍ അന്നവര്‍ നല്‍കിയ സ്നേഹസമ്മാനം' എന്നാണ്, 2008ലെ മഹാരാജകീയ സുവനീയറിൽ എഴുതിയ കുറിപ്പില്‍ ജോസഫ് മാർ ഗ്രിഗോറിയോസ് ഈ സംഭവങ്ങളെ ഓര്‍ക്കുന്നത്.


ALSO READ : സ്വപ്നം കണ്ടത് നേവിയിലെ ജോലി, എട്ടാം ക്ലാസിൽ ശെമ്മാശപട്ടം, പടിപടിയായി നേതൃസ്ഥാനങ്ങളിലേക്ക്; ജോസഫ് മാർ ഗ്രിഗോറിയോസിൻ്റെ ജീവിതരേഖ


Also Read
user
Share This

Popular

KERALA
KERALA
വധശിക്ഷ നടപ്പാക്കും? ഉത്തരവ് ജയിലിലെത്തിയെന്ന് നിമിഷപ്രിയയുടെ ശബ്ദസന്ദേശം; ദുരൂഹമെന്ന് അഭിഭാഷകന്‍