"കോടതിയിൽ നിയമ പോരാട്ടം തുടരുന്ന വേളയിൽ ഭേദഗതി മുനമ്പം ജനതക്ക് നീതി ലഭിക്കാൻ ഇടയാക്കും"
മുനമ്പം പ്രശ്നനത്തിന് നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണേണ്ടി വരുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. കോടതിയിൽ നിയമ പോരാട്ടം തുടരുന്ന വേളയിൽ വഖഫ് ഭേദഗതി മുനമ്പം ജനതക്ക് നീതി ലഭിക്കാൻ ഇടയാക്കുമെന്നും കിരൺ റിജിജു പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം ഇല്ലെങ്കിലും മുനമ്പം കേസ് സെറ്റിൽ ചെയ്തതല്ലാത്തതിനാൽ ഭേദഗതി ഗുണം ചെയ്യുമെന്നും കിരൺ റിജിജു പ്രതികരിച്ചു. അതേ സമയം ചർച്ച് ബിൽ പരിഗണനയിൽ ഇല്ലെന്നും മന്ത്രി പ്രതികരിച്ചു.
വഖഫ് ഭേദഗതി ബിൽ നിയമമാകുന്നതോടെ കോടതികളും വഖഫ് ട്രൈബ്യൂണലും കയറി ഇറങ്ങാതെ തന്നെ തങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു മുനമ്പം നിവാസികൾ. ബിജെപി നേതാക്കളിൽ നിന്ന് അത്തരത്തിൽ ഉറപ്പ് ലഭിച്ചതായും മുനമ്പം നിവാസികൾ ചൂണ്ടി കാട്ടിയിരുന്നു. എന്നാൽ മുമ്പ് അപ്പീൽ നൽകാൻ കഴിയാത്ത വ്യവസ്ഥകൾ അടക്കം ഒഴിവാക്കപ്പെട്ടതിനാൽ സുപ്രീം കോടതിയിൽ അടക്കം നിയമ പോരാട്ടം തുടരാൻ കഴിയും എന്നാണ് ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു വിശദീകരിക്കുന്നത്. ആ സമയം ഞങ്ങൾ മുനമ്പം നിവാസികൾക്ക് ഒപ്പം നിൽക്കും. വഖഫ് ട്രൈബ്യൂണലിലും വഖഫ് ബോർഡിലും പുതിയ ഭേദഗതിയോടെ മാറ്റം വരും. ഈ മാറ്റങ്ങളെല്ലാം കേസ് നടത്തിപ്പിൽ മുനമ്പം നിവാസികൾക്ക് തുണയാകും എന്നും കിരൺ റിജിജു പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം ഇല്ല എന്നത് മുനമ്പം വിഷയത്തെ ബാധിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിലവിൽ തീർപ്പാക്കിയ കേസുകൾ തീർപ്പാക്കിയത് തന്നെയാണ്. മുനമ്പം കേസ് തീർപ്പാക്കിയതല്ലാത്തതിനാൽ മുൻകാല പ്രാബല്യം ഇല്ലാത്തത് ബാധകമല്ല. ജില്ലാ കളക്ടർ മുനമ്പം സന്ദർശിച്ച് സ്വത്തുക്കളുടെ സ്ഥിതി വിവരം പുനഃപരിശോധിക്കണമെന്നും മുനമ്പം ജനതക്ക് നീതി ലഭിക്കാൻ ഇത് അനിവാര്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വാർത്ത സമ്മേളനത്തിന് ശേഷം വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി കിരൺ റിജിജു കൂടിക്കാഴ്ച നടത്തി.
അതേസമയം, കേന്ദ്രമന്ത്രി കിരൺ റിജിജുവിൻ്റെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയെന്ന് മുനമ്പം സമരസമിതി കൺവീനർ ജോസഫ് ബെന്നി പ്രതികരിച്ചു. ഭേദഗതിയിലൂടെ ശാശ്വത പരിഹാരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എവിടെ നിന്നാണ് ഞങ്ങൾക്ക് നീതി ലഭിക്കുന്നതെന്നും എത്ര നാൾ നിയമപോരാട്ടം നടത്തണമെന്നും ജോസഫ് ബെന്നി ചോദിച്ചു.