ഒരു ഫോറത്തിലും ആരുടെയും പേരുകൾ ചർച്ച ചെയ്തിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വിഷയത്തിൽ ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. പുനഃസംഘടനാ ചർച്ച എവിടെനിന്ന് വന്നുവെന്ന് ആർക്കും അറിയില്ല. ഒരു ഫോറത്തിലും ആരുടെയും പേരുകൾ ചർച്ച ചെയ്തിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിലവിൽ ഒരു ചർച്ചയും ആരംഭിച്ചിട്ടില്ലെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എല്ലാവരുമായും ചർച്ച നടത്തും. അതിൻ്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ ചർച്ച നടത്തുമെന്നും കെ.മുരളീധരൻ പറഞ്ഞു.
ഇപ്പോൾ പുനഃസംഘടനാ ചർച്ച എവിടുന്നു വന്നു എന്ന് ആർക്കും അറിയില്ലെന്നായിരുന്നു മുരളീധരൻ്റെ പ്രസ്താവന. ആരാണിതിൻ്റെ പുറകിലെന്നറിയില്ലെന്നും എല്ലാം ആരെങ്കിലും പടച്ചുവിടുന്നതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഫോറത്തിലും ആരെയും പേരുകൾ ചർച്ച ചെയ്തിട്ടില്ല. പുനഃസംഘടനയുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി ഉടൻ യോഗം ചേരുമെന്ന് മുരളീധരൻ വ്യക്തമാക്കി.
അതേസമയം മാടായി നിയമന വിവാദത്തിൽ എം.കെ. രാഘവൻ എംപിക്കെതിരായ പരസ്യ പ്രതിഷേധം അംഗീകരിക്കാൻ കഴിയില്ലെന്നാണ് മുരളീധരൻ്റെ നിലപാട്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ജില്ല നേതൃത്വത്തെ അറിയിക്കണമായിരുന്നെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. നിയമനത്തിൻ്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ ഉചിതമായ തീരുമാനമെടുക്കുമെന്നും മുരളീധരൻ പറഞ്ഞു.