പൊതുസമ്മേളനത്തിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന
കോട്ടയം വൈക്കത്ത് നവീകരണം പൂർത്തിയായ തന്തൈ പെരിയാർ സ്മാരകത്തിന്റെയും ഗ്രന്ഥശാലയുടെയും ഉദ്ഘാടനം ഇന്ന് നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പിണറായി വിജയനും ചേർന്നാണ് സ്മാരകം നാടിന് സമർപ്പിക്കുക. രാവിലെ ഒൻപത് മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. 10 മണിക്ക് രണ്ട് മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന പൊതുസമ്മേളനം വൈക്കം ബീച്ച് മൈതാനത്ത് നടക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.
ALSO READ: സമസ്ത മുശാവറ യോഗത്തില്‍ വാക്കേറ്റം; ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
സാമൂഹിക നവോധാനത്തിന്റെ നവഗീതം രചിച്ച വൈക്കം സത്യാഗ്രഹം കേരള ചരിത്രത്തിന്റെ സുവർണ്ണ അദ്ധ്യായമാണ്. സത്യാഗ്രഹത്തിന്റെ താളുകൾ മറിക്കുമ്പോൾ ജ്വലിക്കുന്ന ഉള്ളടക്കമായി തന്തൈ പെരിയാർ തെളിഞ്ഞു നിൽക്കും. "തിരുവിതാംകൂറുകാർ അവരുടെ സ്വാതന്ത്ര്യത്തെ കാത്തുരക്ഷിക്കണം. മഹാരാജാവിനും അദ്ദേഹത്തെ താങ്ങുന്ന ബ്രിട്ടീഷ് ഗവൺമെന്റിനും പീരങ്കികളും വിമാനങ്ങളും ഉണ്ട്. സത്യാഗ്രഹികൾക്ക് അഹിംസ, സഹനം, ആത്മശക്തി എന്നീ ആയുധങ്ങൾ മാത്രമേയുള്ളൂ". വൈക്കം സത്യാഗ്രഹത്തിന് പിന്തുണ അറിയിച്ച് എത്തിയ വലിയ ജനക്കൂട്ടത്തെ മുൻനിർത്തി പെരിയാർ ഇ.വി. രാമസ്വാമി എന്ന തന്തൈ പെരിയാർ പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു.
1924-ൽ വൈക്കം സത്യാഗ്രഹം ആരംഭിച്ച കാലഘട്ടത്തിൽ മുൻനിര നേതാക്കളായ ടി.കെ. മാധവൻ, കെ.പി. കേശവമേനോൻ, ബാരിസ്റ്റർ ജോർജ് ജോസഫ് തുടങ്ങിയവർ ജയിലിലായി. തുടർന്നാണ് ഇ.വി. രാമസ്വാമി വൈക്കത്തെത്തി സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. ബാരിസ്റ്റർ ജോർജ് ജോസഫും കെ.പി. കേശവമേനോനും വൈക്കത്തെ സ്ഥിതി ചൂണ്ടിക്കാട്ടി പെരിയാർക്ക് അയച്ച കത്ത് വായിച്ച ശേഷമാണ് അദ്ദേഹം വൈക്കത്തേക്ക് പുറപ്പെട്ടത്. സത്യാഗ്രഹത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ പെരിയാർ നിരവധി പ്രസംഗങ്ങൾ നടത്തി.
ഭരണകൂടം വൈക്കത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് വീണ്ടും പ്രസംഗിച്ച പെരിയാറിനെയും മറ്റ് മൂന്ന് നേതാക്കളെയും അറസ്റ്റുചെയ്ത് അരുവിക്കുറ്റിയിലുള്ള ജയിലിലടച്ചു. തുടർന്ന് പെരിയാറിന്റെ ഭാര്യ നാഗമ്മാൾ വൈക്കത്തെത്തി, വനിതകളെ സംഘടിപ്പിച്ച് തിരുവിതാംകൂറിൽ പ്രചാരണം നടത്തി. ജയിൽമോചിതനായ പെരിയാർ വീണ്ടും സത്യാഗ്രഹത്തിൽ പങ്കെടുത്തു. പിന്നീട് ദേശഭ്രഷ്ട് കല്പിച്ചുകൊണ്ടാണ് ഭരണകൂടം പെരിയാറിനെ നേരിട്ടത്. ഈ ഉത്തരവും ലംഘിക്കപ്പെട്ടതോടെ ആറുമാസം കഠിനതടവായിരുന്നു ശിക്ഷ. പല സ്ഥലങ്ങളിളായി പെരിയാർ നടത്തിയ തമിഴിലുള്ള പ്രസംഗം സിഹഗർജനം പോലെ ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. പിന്നീട് അദ്ദേഹം 'വൈക്കം വീരൻ' ആയി മാറുകയായിരുന്നു.
1985-ൽ കേരള സർക്കാർ വൈക്കം വലിയ കവലയിൽ നൽകിയ 84 സെന്റ് സ്ഥലത്ത് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആർ തന്തൈ പെരിയാർ സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചു. 1994-ൽ സ്മാരകം പൂർത്തീകരിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ധി ആഘോഷത്തോടനുബന്ധിച്ചാണ് സ്മാരകം നവീകരിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ 8.14 കോടി രൂപ അനുവദിച്ചത്. തന്തൈ പെരിയാറിന്റെ ജീവിതവും സമരപോരാട്ടങ്ങളും വരും തലമുറയ്ക്കും പകർന്നുനൽകാനുതകും വിധമാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്.