വഖഫ് ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചുകൊണ്ട് സോളിഡാരിറ്റിയും എസ്‌ഐഒയും പ്രതിഷേധം സംഘടിപ്പിച്ചത്
വഖഫ് സമരവും മുസ്ലീം ബ്രദർഹുഡും തമ്മിൽ എന്തു ബന്ധമെന്ന് കെ.ടി. ജലീൽ എംഎല്‍എ. 'രാജ്യത്തിന് പുറത്തുള്ള തീവ്ര മതരാഷ്ട്ര വാദികളുടെ ഫോട്ടോ ഉയർത്തിക്കാട്ടിയതിൻ്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല' എന്നായിരുന്നു ജലീലിന്‍റെ വിമർശനം. ജമാഅത്തെ ഇസ്ലാമി ഉയർത്തിക്കാട്ടിയ ഫോട്ടോകൾ സൗദി അറേബ്യയിലോ, യു.എ.ഇ ഉൾപ്പടെയുള്ള മുസ്ലീം രാജ്യങ്ങളിലോ പൊക്കിപ്പിടിച്ച് പ്രകടനം നടത്താൻ അവർക്ക് സാധിക്കുമോ എന്നും കെ.ടി. ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. മുസ്ലീം ലീഗ് ഒരേ സമയം വേട്ടക്കാരനെയും ഇരയേയും രണ്ടു കൈ വെളളകളിൽ പൊക്കിപ്പിടിച്ച് നടക്കുന്നത് അങ്ങേയറ്റം കാപട്യമെന്നും കെ.ടി. ജലീല്‍ ആരോപിച്ചു.
വഖഫ് നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്‌ഐഒയും സംഘടിപ്പിച്ച സമരം തങ്ങളുടെ ആശയപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റിയെന്ന് വിമര്‍ശനവുമായി സമസ്ത എ പി വിഭാഗവും രംഗത്തെത്തിയിരുന്നു. അല്‍ ഖയ്ദ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് പ്രചോദനം നല്‍കിയത് മുസ്ലിം ബ്രദര്‍ഹുഡ് ആണ്. കേരള ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധകവിഭാഗം, മൗദൂദിയുടെ കൃതികള്‍ക്കൊപ്പം മുഹമ്മദ് ഖുത്വുബ് പോലുള്ള ബ്രദര്‍ഹുഡ് നേതാക്കളുടെ കൃതികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുവെന്നും സിറാജ് മുഖപ്രസംഗത്തില്‍ പറയുന്നു.
വഖഫ് ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചുകൊണ്ട് സോളിഡാരിറ്റിയും എസ്‌ഐഒയും പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധത്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെയും ഹമാസിന്റെയും നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്ന, എഴുത്തുകാരനും മുസ്ലീം ബ്രദര്‍ഹുഡ് നേതാവുമായ സയ്യിദ് ഖുതുബ്, ഹമാസ് നേതാക്കളായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രതിഷേധത്തിനിടെ ഉയര്‍ത്തിയത്.
കെ.ടി. ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
വഖഫ് സമരവും മുസ്ലിം ബ്രദർഹുഡും തമ്മിൽ എന്തു ബന്ധം?
ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ 'സോളിഡാരിറ്റി'യും വിദ്യാർത്ഥി സംഘടനയായ 'എസ്.ഐ.ഒ'യും വഖഫ് ബില്ലുമായി ബന്ധപ്പെട്ട് നടത്തിയ കരിപ്പൂർ എയർപോർട്ട് മാർച്ച് വലിയൊരു വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഇന്ത്യൻ പാർലമെൻ്റിൻ്റെ ഇരുസഭകളും പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ, സയ്യിദ് ഖുതുബ്, ഹസനുൽ ബന്ന, തുടങ്ങിയ മുസ്ലിം ബ്രദർഹുഡ് നേതാക്കൾ അടക്കം, രാജ്യത്തിന് പുറത്തുള്ള തീവ്ര മതരാഷ്ട്ര വാദികളുടെ ഫോട്ടോ ഉയർത്തിക്കാട്ടിയതിൻ്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ജമാഅത്തെ ഇസ്ലാമി ഉയർത്തിക്കാട്ടിയ ഫോട്ടോകൾ സൗദി അറേബ്യയിലോ, യു.എ.യി ഉൾപ്പടെയുള്ള മുസ്ലിം രാജ്യങ്ങളിലോ പൊക്കിപ്പിടിച്ച് പ്രകടനം നടത്താൻ അവർക്ക് സാധിക്കുമോ? ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും, സയ്യിദ് ഖുതുബും, ഹസനുൽ ബന്നയും ചേർന്ന് രൂപീകരിച്ച 'മുസ്ലിം ബ്രദർഹുഡ്ഢ്' നിരോധിത സംഘടനയാണ്. ഖുതുബും, ബന്നയും ഉയർത്തിപ്പിച്ച മതരാഷ്ട്ര ആശയത്തോട് അവിടങ്ങളിലെ മുസ്ലിം സമൂഹത്തിനോ ഭരണകർത്താക്കൾക്കോ യാതൊരു യോജിപ്പുമില്ല.
ഇന്ത്യയിൽ രാഷ്ട്രീയ ഇസ്ലാമിൻ്റെ പിതൃത്വം ഏറ്റെടുത്ത ഒരേയൊരു സംഘടനയേ ഉള്ളൂ. അത് ജമാഅത്തെ ഇസ്ലാമിയാണ്. അതിൻ്റെ സൂത്രധാരൻ മൗലാനാ മൗദൂദിയും. അധികാരത്തിലെത്താനും അതുവഴി ആത്യന്തികമായി മതരാഷ്ട്രം സ്ഥാപിക്കാനുമാണ് മതസംഘടന എന്നവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമി സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയത്. 'വെൽഫെയർ പാർട്ടി' എന്ന പാലത്തിലൂടെ യു.ഡി.എഫിൽ കടന്നുകൂടാനാണ് അവരുടെ ശ്രമം. കുറുക്കു വഴിയിലൂടെ അധികാരത്തിലെത്തി പതിയെപ്പതിയെ മൗദൂദിയൻ മതസങ്കൽപ്പങ്ങൾ നടപ്പിലാക്കാനാകും എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ 'സ്വപ്നം'. അതു തിരിച്ചറിയാൻ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾക്ക് സാധിച്ചിട്ടില്ലെങ്കിലും രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്. അതദ്ദേഹം ലണ്ടനിൽ വെച്ചാണ് പറഞ്ഞതെന്ന് മാത്രം. ഇന്ത്യയിൽ മതതാൽപര്യം സാക്ഷാത്കരിക്കാൻ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും മൽസരിരിക്കുകയും ചെയ്യുന്ന ഏക മുസ്ലിം മതസംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഇതു ശരിയാംവിധം മനസ്സിലാക്കിയത് ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളുമാണ്. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയും അവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മാധ്യമവും മീഡിയാ വണ്ണും അതിശക്തമായി സി.പി.ഐ.എമ്മിനെയും അതിൻ്റെ നേതാക്കളെയും ഭൽസിക്കാൻ ശ്രമിക്കുന്നത്.
വഖഫ് ഭേദഗതി നിയമത്തിനെതിരെ പാർലമെൻ്റിൽ സംസാരിച്ച നേതാക്കളിൽ മഹാഭൂരിഭാഗവും മുസ്ലിം സമുദായത്തിന് പുറത്തുള്ളവരാണ്. കപിൽ സിബിലിൻ്റെയും, ജോൺ ബ്രിട്ടാസിൻ്റെയും, കെ.സി വേണുഗോപാലിൻ്റെയും, കെ. രാധാകൃഷ്ണൻ്റെയും, ഹൈബി ഈഡൻ്റയും പ്രസംഗങ്ങൾ നാം കേട്ടതാണ്. ഇത്തരമൊരു സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമിയും അവരുടെ പോഷക സംഘടനകളും കാട്ടിയ "പോക്കിരിത്തരം" മതേതതര സംഘടനകളെയും അവയുടെ നേതാക്കളെയും കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തുക. മാധ്യമം ഓഫീസിലും മീഡിയാ വൺ ചാനൽറൂമിലും മാത്രം കാണുന്ന വിരലിലെണ്ണാവുന്ന 'വികൃതൻ'മാർ, മുസ്ലിം സമുദായത്തിന് ഉണ്ടാകുന്ന ഭവിഷ്യത്തും ചെറുതല്ല. ഇതര മതസംഘടനകൾ ജമാഅത്തെ ഇസ്ലാമിയുടെ തീവ്രമത ബോധത്തെ വിമർശിക്കാനും മൗദൂദി-ഖുതുബ് കൂട്ടുകെട്ടിനെ തുറന്നു കാണിക്കാനും ഒട്ടും അമാന്തം കാട്ടിക്കൂട. മുസ്ലിംലീഗ് ഒരേ സമയം വേട്ടക്കാരനെയും ഇരയേയും (തീവ്രൻമാരായ ജമാഅത്തെ ഇസ്ലാമിയേയും മിതവാദ മുസ്ലിം സംഘടനകളെയും) രണ്ടു കൈ വെളളകളിൽ പൊക്കിപ്പിടിച്ച് നടക്കുന്നത് അങ്ങേയറ്റം കാപട്യമാണ്. പ്രവാചകൻ പരിചയപ്പെടുത്താത്ത അതിതീവ്ര വിശ്വാസത്തെ ജനമനസ്സുകളിൽ കുത്തിവെക്കാൻ ജമാഅത്തെ ഇസ്ലാമിയെ അനുവദിച്ചാൽ അതിൻ്റെ പ്രത്യാഘാതം വളരെ വലുതാകും. മുസ്ലിം ബ്രദർഹുഡ്ഡുമായുള്ള ബന്ധം ആരോപിച്ച് ഇന്ത്യയിൽ നടക്കാൻ പോകുന്ന എല്ലാ വഖഫ് വിരുദ്ധ സമരങ്ങളയും അടിച്ചൊതുക്കാൻ അമിത്ഷാക്ക് കൊടുത്ത വടിയാണ്, സോളിഡാരിറ്റിയുടെ കരിപ്പൂർ എയർപോർട്ട് മാർച്ചെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.