അറ്റക്കുറ്റപ്പണികൾ നടത്തിയെന്ന് ആവർത്തിക്കുമ്പോഴും കോൺക്രീറ്റ് പാളികളിൽ വലിയ വിള്ളലുകളാണ്
സുരക്ഷാ ഭീഷണിയിൽ കലൂർ രാജ്യാന്തര സ്റ്റേഡിയം. അറ്റക്കുറ്റപ്പണികൾ നടത്തിയെന്നു ആവർത്തിക്കുമ്പോഴും കോൺക്രീറ്റ് പാളികളിൽ വലിയ വിള്ളലുകളാണ് രൂപപ്പെട്ടിട്ടുള്ളത്. നിർമാണ മാനദണ്ഡങ്ങളിലെ വീഴ്ചയാണ് ഇവ വ്യക്തമാക്കുന്നത്.
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ വല ചലിപ്പിക്കുമ്പോൾ സ്റ്റേഡിയം ഒന്നാകെ ആവേശത്തിലാകുന്ന കാഴ്ച പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ കാണികൾ ഇല്ലാത്ത സമയത്തെ സ്റ്റേഡിയത്തിൻ്റെ പരിസരം പരിശോധിച്ചാൽ എന്ത് ധൈര്യത്തിലാണ് ഇവിടെ ഇരുന്ന് കളി കാണാനാവുക എന്ന് തോന്നി പോകും. മുകളിലത്തെ ഇരിപ്പിടങ്ങൾ മുഴുവൻ അപകട ഭീഷണിയിലാണ്. എപ്പോൾ വേണമെങ്കിലും അടർന്നു വീണേക്കാവുന്ന കോൺക്രീറ്റും തുരുമ്പെടുത്ത കമ്പികളുമാണ് മേൽക്കൂരയേയും തൂണുകളെയും താങ്ങി നിർത്തുന്നത്.
ഇത്രയും ബലഹീനമായ അവസ്ഥയിലും സ്റ്റേഡിയത്തിന് ചുറ്റും നൂറുകണക്കിന് കടകൾ പ്രവർത്തിക്കുന്നുണ്ട്. മത്സരങ്ങൾ നടക്കുന്ന സമയത്ത് തിരക്കുള്ളപ്പോൾ ഈ കടകൾ തുറന്നു പ്രവർത്തിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. നിയന്ത്രണവിധേയമായി കാണികളെ പ്രവേശിപ്പിച്ചും വിദഗ്ദ സമിതിയെ വെച്ച് കൃത്യമായി പഠനം നടത്തി സ്റ്റേഡിയം നവീകരിച്ചും മുന്നോട്ട് പോയില്ലെങ്കില്‍ ക്ഷണിച്ചു വരുത്തുക വലിയൊരു ദുരന്തം ആയിരിക്കും.