റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിക്ക് പ്രസിഡൻ്റ് ആകാനുള്ള ആരോഗ്യസ്ഥിതി നിലവിലുണ്ടോ എന്ന് അമേരിക്കയിലെ ജനങ്ങൾക്ക് അറിയണ്ടേയെന്നും കമല ഹാരിസ് ചോദിച്ചു
നവംബർ രണ്ടിന് നടക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി തൻ്റെ എതിരാളിയായ ഡൊണാൾഡ് ട്രംപിൻ്റെ മെഡിക്കൽ റെക്കോർഡുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് കമല ഹാരിസ്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിക്ക് പ്രസിഡൻ്റ് ആകാനുള്ള ആരോഗ്യസ്ഥിതി നിലവിലുണ്ടോ എന്ന് അമേരിക്കയിലെ ജനങ്ങൾക്ക് അറിയണ്ടേയെന്നും കമല ഹാരിസ് ചോദിച്ചു.
സ്വന്തം മെഡിക്കൽ റെക്കോർഡുകൾ പുറത്തുവിട്ടുകൊണ്ടാണ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻ്റ് സ്ഥാനാർഥി കമല ഹാരിസ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ വെല്ലുവിളിച്ചത്. താൻ പൂർണ ആരോഗ്യവതിയെന്ന് തെളിയിക്കുന്ന ഡോക്ടറുടെ കുറിപ്പാണ് കമല ഹാരിസ് പുറത്തുവിട്ടത്.
കമല ഹാരിസിന് പ്രസിഡൻ്റിൻ്റെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും മാനസികവുമായ ക്ഷമതയുണ്ടെന്ന്, മൂന്ന് വർഷത്തോളം കമല ഹാരിസിൻ്റെ ഡോക്ടറായ ജോഷ്വ. ആർ. സൈമൺസിൻ്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. കൂടാതെ, രക്തസമ്മർദ്ദം, സീസണൽ അലർജികൾ തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോർട്ടുകളും പങ്കുവെച്ചു.
അതേസമയം, റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ് തിരക്കുപിടിച്ചതും ആവേശകരവുമായ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ്. കമല ഹാരിസിന് ട്രംപിൻ്റെ അത്രയും സ്റ്റാമിന ഇല്ലെന്നാണ് ട്രംപ് വിഭാഗത്തിൻ്റെ വാദം.
നേരത്തെ പ്രസിഡൻ്റ് സ്ഥാനാർഥി ആയേക്കുമെന്ന് കരുതി റിപ്പബ്ലിക്കൻ പാർട്ടി, പ്രസിഡൻ്റ് ജോ ബൈഡന് നേരെയും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇത്തരം വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ, അതിന് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ട്രംപിന് നേരെ മെഡിക്കൽ റെക്കോർഡുകൾ പുറത്തുവിടാൻ വെല്ലുവിളിയുയരുന്നത്.