fbwpx
തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു സമ്മതിച്ചതായി കളക്ടറുടെ മൊഴി; ഇത് കോഴ വാങ്ങിയതാണെന്ന് വ്യാഖ്യാനിക്കാനാകില്ലെന്ന് കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Oct, 2024 08:19 PM

യാത്രയയപ്പ് പരിപാടിയില്‍ ദിവ്യ എത്തില്ലെന്നാണ് കരുതിയിരുന്നതെന്നും കളക്ടര്‍ നല്‍കിയ മൊഴിയില്‍ പറയുന്നതായി വിധി പകര്‍പ്പില്‍ പറയുന്നു

KERALA


പി.പി. ദിവ്യക്ക് തിരിച്ചടിയായത് കളക്ടറുടെ മൊഴി. ദിവ്യയുടെ ആരോപണത്തിനു പിന്നാലെ എഡിഎം ചേംബറിലെത്തി കണ്ടുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയത്. തെറ്റ് പറ്റിയെന്നാണ് നവീന്‍ ബാബു പറഞ്ഞത്. ഇത് കോഴ വാങ്ങിയതാണെന്ന് വ്യാഖ്യാനിക്കാനാകില്ലെന്നാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധിയില്‍ പറയുന്നത്.


ദിവ്യയുടെ ആരോപണത്തിനു ശേഷം ചേംബറിലെത്തി എഡിഎം കളക്ടറെ കണ്ടിരുന്നു. അപ്പോഴാണ് തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞത്. ഇത് കോഴ വാങ്ങിയതാണെന്ന് വ്യാഖ്യാനിക്കാനാവില്ല. പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. രാജ്യത്ത് അത്തരത്തില്‍ നിരവധി സംവിധാനങ്ങളുണ്ട്. നിയമം ആര്‍ക്കും കയ്യിലെടുക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.


ആദരണീയ ഉന്നത ഉദ്യോഗസ്ഥനായ നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ദിവ്യ ആസൂത്രിതമായി പദ്ധതിയിട്ടു. രാഷ്ട്രീയ സ്വാധീനമുള്ള ദിവ്യ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശമാകുമെന്നുമാണ് കോടതി വിലയിരുത്തിയത്. അഴിമതിക്ക് എതിരായ സദുദ്ദേശ്യ പരാമര്‍ശത്തെ ആത്മഹത്യാ പ്രേരണയായി കാണരുതെന്ന ദിവ്യയുടെ വാദം കോടതിയില്‍ വിലപ്പോയില്ല. 38 പേജുള്ള വിധിയില്‍, ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ദിവ്യയുടെ പ്രസംഗത്തോടെ പ്രവര്‍ത്തകരുടെ മുന്നില്‍ എഡിഎം നവീന്‍ ബാബു അപമാനിതനായെന്നും കോടതി നിരീക്ഷിച്ചു.

Also Read: എഡിഎമ്മിന്‍റെ മരണം: പി.പി. ദിവ്യ കസ്റ്റഡിയില്‍


ജാമ്യാപേക്ഷ തള്ളുന്നതില്‍ കളക്ടറുടെ മൊഴിയാണ് ദിവ്യക്ക് ഏറ്റവും തിരിച്ചടിയായത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കരുതെന്ന് പറഞ്ഞതായി കളക്ടര്‍ അരുണ്‍ വിജയന്‍ മൊഴി നല്‍കിയിരുന്നു. രാവിലെ പങ്കെടുത്ത പരിപാടിക്കിടെ ദിവ്യ പെട്രോള്‍ പമ്പിന്റെ വിഷയം സംസാരിച്ചിരുന്നു. തുടര്‍ന്ന് പരാതി എഴുതി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെളിവില്ലെന്നായിരുന്നു ദിവ്യയുടെ മറുപടി. ഇതോടെ, വേണ്ടത്ര തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ദിവ്യയെ ഉപദേശിച്ചു. യാത്രയയപ്പ് പരിപാടിയില്‍ ദിവ്യ എത്തില്ലെന്നാണ് കരുതിയിരുന്നതെന്നും കളക്ടര്‍ നല്‍കിയ മൊഴിയില്‍ പറയുന്നതായി വിധി പകര്‍പ്പില്‍ പറയുന്നു.

യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരത്തെ തന്നെ ദിവ്യയ്ക്ക് അറിയാമായിരുന്നു. അത് അറിഞ്ഞു കൊണ്ടുതന്നെയാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്. അതിനുപിന്നില്‍ ആസൂത്രണം നടത്തിയിട്ടുണ്ട്. ആദരണീയനായ ഉന്നത ഉദ്യോഗസ്ഥനായ ആള്‍ക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തുക എന്ന് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തിയത്. ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തില്‍ പരിഹസിക്കാനാണ് ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു.

Also Read: എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യയുടെ പ്രസംഗം ആസൂത്രിതം, 38 പേജുള്ള വിധിയുടെ വിശദാംശങ്ങള്‍ ന്യൂസ് മലയാളത്തിന്


തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. പൊലീസിന്റെ നാടകീയ നീക്കങ്ങളോടെയാണ് ദിവ്യയെ കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് സ്റ്റേഷനിലെത്തിച്ചത്. പതിമൂന്ന് ദിവസത്തെ ഒളിവിനു ശേഷമാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചാണ് ദിവ്യയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചത്. പിന്നീട് അതിനാടകീയമായി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞിരുന്നുവെങ്കിലും ദിവ്യയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാതിരിക്കാന്‍ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു.

അറസ്റ്റ് വൈകിയത് ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാലെന്നും ജാമ്യാപേക്ഷ തള്ളിയ ഉടന്‍ കസ്റ്റഡിയിലെടുത്തുവെന്നുമാണ് സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറഞ്ഞത്. പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും സ്വാഭാവികമായ വൈകല്‍ മാത്രമെന്നുമാണ് പൊലീസ് കമ്മിഷണറുടെ ന്യായീകരണം.

ദിവ്യയുടെ ഹര്‍ജി തള്ളിയതില്‍ ആശ്വാസം പ്രകടിപ്പിച്ച നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, പൊലീസില്‍ നിന്ന് നീതി കിട്ടിയില്ല എന്ന് തുറന്നടിച്ചു. ജീവിതം തകര്‍ത്ത പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലുള്ള രോഷമാണ് മഞ്ജുഷയുടെ വാക്കുകളില്‍ നിറഞ്ഞത്.

ദിവ്യയുടെ അറസ്റ്റു വൈകിച്ചില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം പകല്‍ പോലെ വ്യക്തം അല്ലേ എന്നായിരുന്നു മന്ത്രി രാജന്റെ മറുപടി. കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ, കീഴടങ്ങുന്നത് ദിവ്യയ്ക്ക് തീരുമാനിക്കാം എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞതിലൂടെ രാഷ്ട്രീയ സന്ദേശം വ്യക്തമായിരുന്നു.

അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദിവ്യയെ കൊണ്ടുവന്ന കണ്ണൂര്‍ എസിപിയുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി രംഗത്ത് എത്തി.

NATIONAL
മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ കടുത്ത ജലക്ഷാമം; വെള്ളം ശേഖരിക്കാൻ സഞ്ചരിക്കേണ്ടത് കിലോമീറ്ററുകൾ
Also Read
user
Share This

Popular

NATIONAL
NATIONAL
പങ്കാളിയുടെ നാട്ടിലേക്ക് യുഎസ് വൈസ് പ്രസിഡന്‍റ്; ജെ.ഡി. വാൻസ് ഇന്ന് ഇന്ത്യയില്‍