എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി. പി. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രിയും വിമർശിച്ചിരുന്നു
എഡിഎമ്മിൻ്റെ മരണത്തിന് കാരണം പി.പി. ദിവ്യയുടെ പരാമർശം തന്നെയാണെന്ന് സിപിഎം നേതാവ് എം. വി. ജയരാജൻ. "എഡിഎമ്മിൻ്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമാണെന്നത് സത്യമാണ്. അതുകൊണ്ടാണ് തെറ്റാണെന്ന് പാർട്ടി പറഞ്ഞത്. ആ കാഴ്ചപ്പാട് തന്നായാണ് അന്നും ഇന്നും പാർട്ടിക്ക് ഉള്ളത്", എം. വി. ജയരാജൻ പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനിടെയായിരുന്നു ജയരാജൻ്റെ പ്രതികരണം.
കഴിഞ്ഞ ദിവസം സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പി. പി. ദിവ്യയെ രൂക്ഷമായി വിമർശിച്ചിരുന്നു. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി.പി. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിയ വിമർശനം ശരിവെച്ചു കൊണ്ടായിരുന്നു പി. പി. ദിവ്യക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം.
"ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിൽ പരാതി പറയേണ്ട സ്ഥലത്ത് പി.പി. ദിവ്യ കാര്യങ്ങൾ പറഞ്ഞില്ല. ക്ഷണിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങൾ പറഞ്ഞത് ശരിയായില്ല," മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി വിമർശിച്ചു.