കെ. രാധാകൃഷ്ണൻ പാർട്ടി സെക്രട്ടറി ആയിരുന്ന കാലയളവിലും കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടന്നിരുന്നു
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കെ. രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യുന്നത് സിപിഐഎം നേതാക്കളുടെ അക്കൗണ്ടിലേയ്ക്ക് പണം പോയതിൻ്റെ ഉറവിടം കണ്ടെത്താൻ. കെ. രാധാകൃഷ്ണൻ പാർട്ടി സെക്രട്ടറി ആയിരുന്ന കാലയളവിലും കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടന്നിരുന്നു. കെ. രാധാകൃഷ്ണനെ ഇ.ഡി ഉടൻ ചോദ്യം ചെയ്യും.
എന്നാൽ, ഇ.ഡിയടെ സമൻസ് നോട്ടീസ് കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ആണെന്ന് അറിയിച്ചിട്ടില്ലെന്ന് കെ. രാധാകൃഷ്ണൻ എംപി പ്രതികരിച്ചു. ഏത് കേസാണെന്ന് അറിയില്ല. സമൻസ് നോട്ടീസ് ഇന്നലെയാണ് ലഭിച്ചത്. ഇന്നലെ ഹാജരാകണമെന്നായിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത്. പാർമെൻ്റ് കഴിയും വരെ ഹാജരാക്കാൻ കഴിയില്ല എന്ന് അറിയിച്ചുണ്ടെന്നും കെ.രാധാകൃഷ്ണൻ പ്രതികരിച്ചു.
ALSO READ: പുതിയ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്
കഴിഞ്ഞ ദിവസമാണ് കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എംപിക്ക് ഇ.ഡി സമൻസ് അയച്ചത്. അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഇരിക്കെയാണ് ഇഡിയുടെ നടപടി. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുന്ന സമയത്ത് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ. കഴിഞ്ഞ ദിവസം കൊച്ചി ഓഫീസിൽ ഹാജരാകാൻ രാധാകൃഷ്ണന് നിർദേശം നൽകിയിരുന്നു. എന്നാൽ എംപി ഡൽഹിയിലായതിനാൽ ഹാജരാകാൻ സാധിച്ചില്ല. തുടർന്നാണ് ചേലക്കരയിലെത്തിയ കെ. രാധാകൃഷ്ണന് സമൻസ് നൽകിയത്.
2011-12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കരുവന്നൂർ ബാങ്കിൽ നിന്നും മുഖ്യപ്രതിയും ബിസിനസ് പങ്കാളിയും ചേർന്ന് അനധികൃത വായ്പ തരപ്പെടുത്തിയെന്നതായിരുന്നു കേസ്. ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സിപിഐഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിആക്കിയായിരുന്നു ആദ്യ കേസ്. 300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യ നിഗമനം. സഹകരണ വകുപ്പിന്റെ രണ്ടാം അന്വേഷണത്തിൽ 125.84 കോടിയുടേതാണ് ക്രമക്കേടെന്ന് കണ്ടെത്തി. 2022 ഓഗസ്റ്റ് 10നാണ് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്.
ALSO READ: സാമ്പത്തിക ഇടപാടില്‍ തര്‍ക്കം; പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടിൽ കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ച് നൽകാനാണ് ഇ.ഡിയുടെ തീരുമാനം. ബാങ്കിനും 55 പ്രതികള്‍ക്കും കലൂര്‍ പിഎംഎല്‍എ കോടതി നോട്ടീസ് അയച്ചു. പ്രതികളുടെ 128 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. സ്വത്തുക്കള്‍ ബാങ്കിന് വിട്ടുനല്‍കാന്‍ തയാറാണെന്ന് ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇ.ഡി നിലപാട് അറിയിച്ചിട്ടും സ്വത്തുക്കള്‍ സ്വീകരിക്കുന്നതില്‍ ബാങ്ക് മറുപടി നല്‍കാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇ.ഡി കോടതിയെ സമീപിച്ച് കണ്ടുകെട്ടിയ സ്വത്തുകൾ നിക്ഷേപകർക്ക് നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.