ഇന്നലെ രാത്രി കളമശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്
ആദിത്യന്‍, അഭിരാജ്, ആകാശ്
കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പോളിടെക്നിക്ക് കൊളേജ് അധികൃതർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
ഇന്നലെ രാത്രി കളമശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നും കഞ്ചാവ് വിതരണത്തിന് വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്നും പൊലീസ് പറയുന്നു. ഇതാദ്യമായാണ് കേരളത്തിലെ ഒരു കോളേജ് ഹോസ്റ്റലിൽ നിന്ന് ഇത്രയും ഉയർന്ന അളവിൽ കഞ്ചാവ് പിടികൂടുന്നത്.
ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത് 1.97 കിലോഗ്രാം കഞ്ചാവാണ്. ഈ സമയം ആകാശ് മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. ആകാശിപ്പോൾ കളമശേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ്. അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് കണ്ടെടുത്തത് 9.7 ഗ്രാം കഞ്ചാവാണ്. ഈ സമയം യൂണിയൻ ഭാരവാഹി കൂടിയായ അഭിരാജും മുറിയിൽ ഉണ്ടായിരുന്നില്ല. തൃക്കാക്കര എസിപി പി.വി. ബേബി, നാർക്കോട്ടിക് എസിപി പി. അബ്ദുൽ സലാം എന്നിവരുടെ നേൃത്വത്തിലായിരുന്നു പരിശോധന.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പുലർച്ചെ നാല് മണിവരെ ഏഴ് മണിക്കൂറോളം പരിശോധന നീണ്ടു. കെഎസ്‌യു പ്രവർത്തകരുടെ മുറിയില്‍നിന്നാണ് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതെന്നും കൂട്ടത്തിൽ ഒരു എസ്എഫ്‌ഐക്കാരനെ കൂടി കുടുക്കാനുള്ള ശ്രമമാണ് നടന്നതെന്നുമാണ് കളമശേരി ഏരിയാ പ്രസിഡൻ്റ് ദേവരാജിന്റെ ആരോപണം. മുറിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുമ്പോൾ താൻ ഭക്ഷണം കഴിക്കാൻ പുറത്തുപോയിരിക്കുകയായിരുന്നു എന്ന് കെഎസ് യു പ്രവർത്തകൻ കൂടിയായ ആദിൽ പറഞ്ഞു. കഞ്ചാവ് എങ്ങനെ വന്നുവെന്ന് അറിയില്ല. കഴിഞ്ഞ വര്‍ഷം കെഎസ്‌യുവിനു വേണ്ടി ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചയാളാണ് ആദിൽ. രണ്ട് കിലോ ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തതുകൊണ്ട് ആദിലിൻ്റെ റൂം മേറ്റ് ആകാശിന് ജാമ്യം കിട്ടിയിട്ടില്ല. താൻ ഇന്നേവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് എസ്എഫ്ഐ പ്രവർത്തകൻ അഭിരാജ് പറയുന്നു. പിടിച്ചെടുത്തത് കുറഞ്ഞ അളവായതുകൊണ്ട് അഭിരാജിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.